പത്തനംതിട്ട : ജില്ലയുടെ അതിർത്തിയാണ് ഏനാത്ത്. കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തിനു രാഷ്ട്രീയ ചായ് വ് ഏതെങ്കിലും പക്ഷത്തോടു സ്ഥിരമായി ഉണ്ടകാറില്ല. പക്ഷേ ഏറെക്കാലവും മണ്ഡലം ഇടതുപക്ഷത്തോടു നേരിയ ചായ് വ് പ്രകടിപ്പിച്ചിരുന്നു. പക്ഷേ ഇത്തവണ നാട്ടുകാരുടെ പോരിൽ ഏനാത്ത് കൂടെപ്പോരുമെന്ന വിശ്വാസത്തിലാണ് മുന്നണികള്‍. എൻഡിഎയും ശക്തമായ പോരാട്ടത്തിനൊരുങ്ങിക്കഴിഞ്ഞു. രാഷ്ട്രീയരംഗത്തെ തഴക്കവും പഴക്കവും നിറഞ്ഞവരെയാണ് മുന്നണികള്‍ അവതരിപ്പിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവും കടമ്പനാട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ സി. കൃഷ്ണകുമാറാണ് യുഡിഎഫ് സ്ഥാനാർഥി. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം പി.ബി. ഹർഷ കുമാർ എൽഡിഎഫ് സ്ഥാനാർഥിയുമാണ്. മണ്ണടി രാജുവാണ് എൻഡിഎയ്ക്കുവേണ്ടി മത്സര രംഗത്തുള്ളത്.
ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളുടെ പുനഃസംഘടനയിൽ 2005ൽ കൊടുമണ്‍, പള്ളിക്കൽ മണ്ഡലങ്ങൾ വിഭജിച്ചാണ് ഏനാത്ത് പുതിയ ഒരു മണ്ഡലം വന്നത്. ആദ്യ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ സുധാ കുറുപ്പിനെ സിപിഎമ്മിലെ അപ്പിനഴികത്ത് ശാന്തകുമാരി പരാജയപ്പെടുത്തി. അത്തവണ എൽഡിഎഫ് ജില്ലാ പഞ്ചായത്തിൽ അധികാരത്തിലുമെത്തിയതോടെ ശാന്തകുമാരി പ്രസിഡന്റുമായി.
2010ൽ മണ്ഡലം പുനഃക്രമീകരിച്ചു. ഏനാദിമംഗലത്തെ മൂന്ന് വാർഡുകളും ഏഴംകുളത്തെ മൂന്ന് വാർഡുകളും ഒഴിവാക്കിയും ഏറത്തെ ഒരു ബ്ലോക്ക് ഡിവിഷൻ കൂട്ടിച്ചേർത്തും പുനഃസംഘടന നടത്തി. അത്തവണ കോണ്‍ഗ്രസിലെ പഴകുളം മധു മണ്ഡലത്തിൽ വിജയിച്ചു. സിപിഎമ്മിലെ എസ്. മനോജിനെയാണ് പരാജയപ്പെടുത്തിയത്.
2015ൽ ഏറത്ത് പഞ്ചായത്തിലെ രണ്ടു വാർഡുകൾ കൂടി ഏനാത്ത് മണ്ഡലത്തിലായി. സിപിഎമ്മിലെ ബി.സതി കുമാരിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലത്തിന്റെ അതിർത്തിയിൽ ഇത്തവണ മാറ്റമുണ്ടായിട്ടില്ല. അഞ്ചുവർഷം നടന്ന വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് എൽഡിഎഫ് രംഗത്തുള്ളത്. സംഘടനാ രംഗത്തെ ശക്തനായ ഹർഷകുമാറിനെ സ്ഥാനാർഥിയാക്കിയതിലൂടെ വിജയം ഉറപ്പാകുമെന്നാണ് എല്‍.ഡി.എഫ് ക്യാമ്പിന്റെ വിലയിരുത്തല്‍.
സംസ്ഥാന രാഷ്ട്രീയവും വികസന കാഴ്ചപ്പാടുകളും എൽഡിഎഫിലെ ചേരിപ്പോരുമാണ് യുഡിഎഫ് വിഷയം. സ്ഥാനാർഥിക്കുള്ള മണ്ഡലപരിചയവും പ്രതീക്ഷ നൽകുന്നു. ഏറെക്കാലമായി ഏനാത്ത് പ്രദേശത്തെ സജീവ രാഷ്ട്രീയക്കാരനാണ് കൃഷ്ണകുമാർ. ഒറ്റക്കെട്ടായി പ്രവർത്തനരംഗത്തുണ്ടായാൽ അട്ടിമറി വിജയം ഉറപ്പാണെന്ന് യുഡിഎഫ് നേതാക്കൾ പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടുവർധനയിലാണ് ബിജെപിപയുടെ പ്രതീക്ഷ. പല പഞ്ചായത്ത് വാർഡുകളിലും വോട്ടുകണക്കിൽ തങ്ങൾ മുന്നിലാണെന്ന് ബിജെപി അവകാശപ്പെടുന്നു . അതിനാല്‍ വാശിയേറിയ ത്രികോണ മത്സരം ഉണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍.