പത്തനംതിട്ട: നഗരസഭയിലെ വിമത സ്ഥാനാർഥികളാരുംതന്നെ മത്സരരംഗം വിടാൻ ആലോചിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ മുൻ കൗണ്‍സിലർമാർ അടക്കമുള്ളവർ മത്സരരംഗത്ത് ഉറച്ചുനിൽക്കുന്നത് മുന്നണിയുടെ വിജയസാധ്യതയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. കേരള കോണ്‍ഗ്രസ് ജോസഫിന് അനുവദിച്ച 16 -ാം വാർഡിൽ കോണ്‍ഗ്രസിന്റെ സീനിയർ നേതാവും ദീർഘകാലം കൗണ്‍സിലറുമായിരുന്ന കെ.ആർ. അരവിന്ദാക്ഷൻ നായരാണ് വിമതനായി മത്സരിക്കുന്നത്.
ജോസഫ് ഗ്രൂപ്പിലെ ദീപു ഉമ്മൻ മത്സരിക്കുന്ന വാർഡാണിത്. കോണ്‍ഗ്രസ് ഏറ്റെടുത്ത 32-ാം വാർഡിൽ കോണ്‍ഗ്രസിലെ ആനി സജിയെ യുഡിഎഫ് ഔദ്യോഗികസ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് പ്രഫ.സാലി ബാബു മത്സരരംഗത്തുണ്ട്. മൂന്നാംവാർഡിൽ ആർഎസ്പിയിലെ ഷൈനി ജോർജിനെ യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥിയായി അംഗീകരിച്ചിരുന്നു
ഇതേ വാർഡിൽ കോണ്‍ഗ്രസിലെ മുൻ കൗണ്‍സിലർ ജോളി സെൽവൻ സ്ഥാനാർഥിയാണ്. മുൻ കൗണ്‍സിൽ കോണ്‍ഗ്രസിലെ സിന്ധു അനിൽ മത്സരിക്കുന്ന 30 -ാം വാർഡിൽ കോണ്‍ഗ്രസിലെ ഷംസിയ സ്ഥാനാർഥിയായി മത്സരിക്കുന്നു. മറ്റു ചില വാർഡുകളിലും യുഡിഎഫിന് ഭീഷണിയുമായി സ്ഥാനാർഥികളുടെ രംഗപ്രവേശമുണ്ട്.