പത്തനംതിട്ട: മണിമലയാറ്റിലെ കുത്തൊഴുക്കിൽ കെട്ടുപൊട്ടി ഒഴുകിപ്പോയ കടത്തുവള്ളം പാലത്തിൽനിന്ന് ചാടി പിടിച്ചെടുത്ത വള്ളക്കാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പത്തനംതിട്ട വെണ്ണിക്കുളം കോമളം പാലത്തിനു സമീപം കെട്ടിയിട്ടിരുന്ന കടത്തുവള്ളമാണ് മണിമലയാറ്റിലെ കുത്തൊഴുക്കിൽ ഒഴുകിപ്പോയത്. കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വള്ളം. കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ട സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് ഇടപെട്ട് ഇവിടെ കടത്തുവള്ളം ക്രമീകരിച്ചത്. ഇതിന്റെ കടത്തുകാരനായ വെണ്ണിക്കുളം സ്വദേശി രാമചന്ദ്രനാണ് പാലത്തിൽനിന്ന് ചാടി വള്ളം കരയ്ക്ക് അടുപ്പിച്ചത്.
ഒരു സുഹൃത്തും ഇദ്ദേഹത്തിനൊപ്പം സഹായത്തിനെത്തിയിരുന്നു.വള്ളം മണിമലയാറ്റിലൂടെ ഒഴുകിപ്പോകുന്ന വിവരം ചില സുഹൃത്തുക്കളാണ് രാമചന്ദ്രനെ അറിയിച്ചത്. ഉടൻതന്നെ സ്ഥലത്തെത്തിയ അദ്ദേഹം റോഡിലൂടെ പുറമറ്റം ഇരുമ്പു പാലത്തിലെത്തിയ ശേഷം പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. ഏതാണ്ട് മൂന്നു കിലോമീറ്ററോളം പുഴയിലൂടെ ഒഴുകിയ വള്ളമാണ് രാമചന്ദ്രനും സുഹൃത്തും ചേർന്ന് വീണ്ടെടുത്തത്. ഇവിടെയുണ്ടായിരുന്ന നാട്ടുകാരും ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകി. ഏക ഉപജീവന മാർഗമായ വള്ളം നഷ്ടപ്പെടുത്താൻ സാധിക്കാത്തതിനാലാണ് സാഹസികമായ ഈ മാർഗം തിരഞ്ഞെടുത്തതെന്ന് രാമചന്ദ്രൻ പ്രതികരിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം സമയമെടുത്താണ് വള്ളം തിരികെ കയറ്റിയത്.