പത്തനംതിട്ട : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലയുടെ കിഴക്കന്‍ മേഖലകളിലും അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിലും അതിശക്തമായ മഴ പെയ്തു വരുന്നതിനാലും കാരിക്കയം അണക്കെട്ടിന്റെ സംഭരണശേഷി 45 മീറ്ററായി നിലനിര്‍ത്തുന്നതിന് വേണ്ടിയും മണിയാര്‍ ബാരേജിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ഇന്ന് വൈകുന്നേരം മുതല്‍ മണിയാര്‍ ബാരേജിലെ അഞ്ചു ഷട്ടറുകള്‍ 150 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും.
ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നതുമൂലം പമ്പാ നദിയിലും കക്കാട്ടാറിലും ജലനിരപ്പ് ശരാശരി 150 സെന്റിമീറ്റര്‍ ഉയരും. ഈ സാഹചര്യത്തിൽ പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്ത് വസിക്കുന്നവരും പ്രത്യേകിച്ച് മണിയാര്‍, റാന്നി പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും ഏതു സാഹചര്യത്തിലും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.