മെഴുവേലി: എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരണം പങ്കിട്ട പഞ്ചായത്തില്‍ ഇക്കുറി എന്‍.ഡി.എയും നിര്‍ണായക ശക്‌തിയായി മത്സര രംഗത്ത്. ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ച് പിന്നാലെ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന് വോട്ട് ചെയ്‌തവര്‍ അതേ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതാണ് എന്‍.ഡി.എയ്‌ക്ക് പ്രതീക്ഷയേകുന്ന ഘടകം.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പല ബൂത്തുകളിലും എന്‍.ഡി.എ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി മുന്നിലെത്തിയിരുന്നു. കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായിരുന്നു മെഴുവേലി. പിന്നീട് അത് കോണ്‍ഗ്രസിനൊപ്പം നിന്നു. കഴിഞ്ഞ തവണ രണ്ടു മുന്നണികളും ഏറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു. മാറിയ സാമൂഹിക രാഷ്‌ട്രീയ സാഹചര്യത്തിലാണ് ഇക്കുറി തെരഞ്ഞെടുപ്പ് നടക്കുന്നത്. സാമുദായിക പരിഗണന വിജയ സാധ്യതയ്‌ക്ക് ഒരു ഘടകമായിരിക്കും. എല്‍.ഡി.എഫില്‍ സി.പി.ഐയും സി.പി.എമ്മും സീറ്റുകള്‍ പങ്കിടുമ്പോള്‍ യു.ഡി.എഫില്‍ കോണ്‍ഗ്രസും എന്‍.ഡി.എയില്‍ ബി.ജെ.പിയും മാത്രമാണ് മത്സരിക്കാനുള്ളത്. ഈഴവ സമുദായത്തിന് വേരോട്ടമുള്ള പഞ്ചായത്തില്‍ ബി.ഡി.ജെ.എസ് സ്‌ഥാനാര്‍ഥികളില്ല എന്നതും ശ്രദ്ധേയമാണ്
പ്രസിഡന്റ് സ്‌ഥാനം വനിതാ സംവരണമാണ്. കോണ്‍ഗ്രസ് മുന്‍ ജില്ലാ പഞ്ചായത്തംഗം വിനീത അനിലിനെയും സി.പി.എം മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം പിങ്കി ശ്രീധറിനെയും പ്രസിഡന്റ് സ്‌ഥാനാര്‍ഥികളായി ഉയര്‍ത്തിക്കാട്ടിയാണ് മുന്നോട്ടു പോകുന്നത്. ജെ.എസ്.എസിലൂടെ വന്ന് കോണ്‍ഗ്രസുകാരിയായി ഒരു തവണ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷൈനി ലാലിന്റെ പേരും കോണ്‍ഗ്രസില്‍ പ്രസിഡന്റ് സ്‌ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. മുന്‍ ആറാം വാര്‍ഡ് അംഗവും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന എ.ആര്‍.ബാലനും കാരിത്തോട്ടയിലെ പത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് അടുത്തതോടെ സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു.
നാലാം വാര്‍ഡ് സീറ്റ് ലക്ഷ്യമിട്ടായിരുന്നു ബാലന്റെ പാര്‍ട്ടി മാറ്റമെന്നാണ് പറയുന്നത്. പക്ഷെ സീറ്റ് ലഭിച്ചത് വര്‍ഷങ്ങളായി സി.പി.എമ്മില്‍ തുടരുന്ന ഡി. ബിനുവിനാണ്. 11-ാം വാര്‍ഡില്‍ മുന്‍ സി.പി.എം നേതാവ് പി. രാജേന്ദ്രനും എട്ടാം വാര്‍ഡില്‍ ഇളപ്പില്‍ രാജേഷും സ്വതന്ത്രരായി മത്സരിക്കുന്നത് സി.പി.എമ്മിന് വെല്ലുവിളിയാണ്. എല്‍.ഡി.എഫ്-യുഡി.എഫ് ഭരണ സമിതികളില്‍ അംഗമായിരുന്ന രാജേന്ദ്രന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12-ാം വാര്‍ഡില്‍ മല്‍സരിച്ച് രണ്ടാം സ്‌ഥാനത്ത് എത്തിയിരുന്നു. സി.പി.എം-ബി.ജെ.പി സംഘര്‍ഷ കാലത്ത് ബി.ജെ.പിയില്‍ ചേര്‍ന്ന ഒരാള്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയായതും കഴിഞ്ഞ തവണ എട്ടാം വാര്‍ഡിലെ ബി.ജെ.പി സ്‌ഥാനാര്‍ത്ഥി ഇക്കുറി എഴാം വാര്‍ഡില്‍ യുഡി.എഫ് സ്‌ഥാനാര്‍ത്ഥിയായതും ശ്രദ്ധേയമാണ്.