പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പ്രമുഖ മുന്നണികൾ എല്ലാം തന്നെ വാശിയേറിയ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടരുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മുന്നണികൾ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ സ്ഥാനാര്‍ത്ഥികളെല്ലാവരും തന്നെ തങ്ങളുടെ തട്ടകത്തിൽ പ്രചരണത്തിൽ മുന്‍പന്തിയിലാണ്. വ്യത്യസ്തമായ പോസ്റ്ററുകളുമായാണ് ഓരോ സ്ഥാനാര്‍ത്ഥികളും കളം നിറയുന്നത്. ജോലിയും ജീവിത സാഹചര്യങ്ങളും എടുത്തു കാണിക്കുന്ന പോസ്റ്ററുകൾ വാർത്താ മാധ്യമങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. കൊറോണയും ഇലക്ഷനും ഒരുമിച്ചു വന്ന സാഹചര്യത്തിൽ ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വ്യത്യസ്തമായ ഇലക്ഷൻ പോസ്റ്ററുമായി രംഗം കൊഴുപ്പിക്കുകയാണ് മെഴുവേലി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ എൻ ഡി എ സ്ഥാനാർത്ഥിയായ വിഷ്ണു രാജ്.
വോട്ടര്‍മാര്‍ക്ക് മുന്നില്‍ സ്ഥാനാര്‍ത്ഥികളുടെ മുഖവും ചിഹ്നവും പരിചിതമാക്കുക എന്നതാണ് പൊതുവേ പോസ്റ്ററുകളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഇവിടെയാണ് വിഷ്ണു വ്യത്യസ്തനാകുന്നത്. പോസ്റ്ററിലുള്ള വ്യത്യസ്തതയാണ് വിഷ്ണു രാജിനെ ഇപ്പോൾ ശ്രദ്ധേയനാക്കുന്നത്. പോസ്റ്ററില്‍ പോലും മാസ്കുമണിഞ്ഞാണ് വിഷ്ണു ശ്രദ്ധേയനാകുന്നത്. കന്നിയങ്കത്തിനിറങ്ങുന്ന വിഷ്ണുവിനെ വാര്‍ഡിലെ വോട്ടര്‍മാര്‍ക്കെല്ലാം പരിചിതമാണ്.
അതിനാല്‍, പോസ്റ്ററില്‍ കുറച്ച് വ്യത്യസ്തനാകാം എന്ന ചിന്തയാണ് തന്നെ കൊണ്ട് ഇത്തരമൊരു രീതി പരീക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്ന് വിഷ്ണു പറയുന്നു. എന്തായാലും പോസ്റ്റർ സാമുഹിക മാധ്യമങ്ങളിലടക്കം ക്ലിക്കായി. അതിനാൽ വാർഡിലും ക്ലിക്കാകുമെന്ന പ്രതീക്ഷയാണ് വിഷ്ണു രാജിനുള്ളത്.