പത്തനംതിട്ട : മെഴുവേലി സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് പത്തനംതിട്ട സി.ജെ.എം. കോടതി. എട്ട് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. കേസിലെ ഒന്ന്, രണ്ട്, നാല്, അഞ്ച്, ഏഴ് പ്രതികളാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ആറും എട്ടും പ്രതികളെ കോടതി വെറുതെ വിട്ടു. മെഴുവേലി സ്വദേശി വിനു, സുരേഷ്, സുധീഷ്, ഗിരീഷ്, ബിജു രാമകൃഷ്ണന്‍ എന്നിവരാണ് കുറ്റക്കാര്‍. മൂന്നാം പ്രതി രാജു ഇപ്പോഴും ഒളിവിലാണ്. 2011 ഓഗസ്റ്റ് 20, 21 തീയതികളിലായാണ് 1.3 കോടി രൂപ വിലമതിക്കുന്ന നാലരകിലോ സ്വര്‍ണ്ണവും മൂന്ന് ലക്ഷം രൂപയും ബാങ്കില്‍ നിന്നും കവര്‍ന്നത്. ബാങ്കിന്‍റെ ജനല്‍ കമ്പികള്‍ അറുത്തുമാറ്റി കവര്‍ച്ച സംഘം അകത്തുകടക്കുകയും ബാങ്കിന്‍റെ സ്ട്രോങ്ങ് റൂമില്‍ പ്രവേശിച്ച് ലോക്കറിന്‍റെ പൂട്ട് പൊളിച്ചുമാണ് കവര്‍ച്ച നടത്തിയത്.
ആലപ്പുഴയില്‍ നിന്നും മോഷ്ടിച്ച് കൊണ്ടുവന്ന വാഹനത്തിലാണ് പ്രതികള്‍ ബാങ്കില്‍ എത്തിയത്. പൂട്ട് പൊളിക്കുവാന്‍ ആവശ്യമായ സാധനങ്ങളും പ്രതികള്‍ എത്തിച്ചു. ഇതിനുശേഷം ബാങ്ക് കെട്ടിടത്തിന്‍റെ പുറകിലെ ഭിത്തി തുരന്നാണ് പ്രതികള്‍ ബാങ്കിനുള്ളില്‍ കയറി കവര്‍ച്ച നടത്തിയത്. അന്നത്തെ പന്തളം സി.ഐ. ആയിരുന്ന നന്ദകുമാറിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന അന്വേഷണ സംഘമാണ് പ്രതികളെ ഗുജറാത്തില്‍ നിന്നടക്കം പിടികൂടി സ്വര്‍ണ്ണം വീണ്ടെടുത്തത്. ഹൈക്കോടതി ഇടപെടലിലൂടെയാണ് പത്തനംതിട്ട സി.ജെ.എം. കോടതിയെ കേസില്‍ വിധി പറയാന്‍ പ്രത്യേക കോടതിയായി നിയോഗിച്ചത്. കേസില്‍ 200 ല്‍ അധികം സാക്ഷികളെ വിസ്തരിച്ചാണ് വാദം പൂര്‍ത്തിയായത്. പ്രതികള്‍ക്കുള്ള ശിക്ഷ യുംകോടതി നല്‍കും.






























