പത്തനംതിട്ട: പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ മൂന്നു ദിവസമായി വെള്ളമില്ല. കുടിശിക അടക്കാത്തതിനാൽ വാട്ടർ അതോറിറ്റി കണക്ഷൻ കട്ട് ചെയ്തിരിക്കുകയാണ്. ജീവനക്കാരുടെ പ്രാഥമിക ആവശ്യങ്ങൾക്ക് താൽക്കാലികമായെങ്കിലും വെള്ളം എത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ അധികാരിയായ തഹസിൽദാരെ കേരള എൻ.ജി.ഒ.സംഘ് ഉപരോധിച്ചു. തൊള്ളായിരത്തോളംപേര്‍ ജോലി ചെയ്യുന്നിടത്താണ് വെള്ളമില്ലാതെ ജീവനക്കാർ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ബുദ്ധിമുട്ടനുഭവിക്കുന്നതെന്ന് എൻ.ജി.ഒ.സംഘ് ഭാരവാഹികള്‍ പറഞ്ഞു.
തഹസീൽദാരുമായി നടത്തിയ ചർച്ചയിൽ തത്കാലം ടാങ്കറിൽ വെള്ളമെത്തിച്ച് പ്രശ്നം പരിഹരിക്കുന്നതിന് തീരുമാനിച്ചു. വെള്ളം എത്തിച്ചതിന് ശേഷമാണ് പ്രതിഷേധസമരം അവസാനിപ്പിച്ചത്. എൻ.ജി.ഒ സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്.രാജേഷ്, ജില്ലാ പ്രസിഡന്റ് എസ്. ഗിരീഷ്, ജില്ലാ സെക്രട്ടറി ജി. അനീഷ്, വൈസ് പ്രസിഡണ്ടുമാരായ കെ.ജി അശോക് കുമാർ, സോമേഷ് പച്ചവനാൽ, പി.ആർ രമേശ്, പി.എസ്. രഞ്ജിത്, ജോയിന്റ് സെക്രട്ടറി എൻ.രതീഷ് കുമാർ, ജില്ലാ കമ്മറ്റിയംഗം ജി.വിനോദ്, ടൗൺ ബ്രാഞ്ച് പ്രസിഡന്റ് എസ്. ഹരികൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറി പി. അജിത് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
വെള്ളിയാഴ്ച (23) ആയിരുന്നു ലൈന്‍ കട്ട് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെ പൈപ്പില്‍ നിന്ന് വെള്ളം ലഭിക്കാതെ വന്നതോടെയാണ് ജീവനക്കാര്‍ കാര്യം അന്വേഷിച്ചത്. ഇന്നലെ(ഞായര്‍) പ്രത്യേക ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ വെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന വിവരം പത്തനംതിട്ട മീഡിയാ വാര്‍ത്തയാക്കിയിരുന്നു. കോടതികള്‍, താലൂക്ക് ഓഫീസ്, സബ് ട്രഷറി, ജില്ലാ ട്രഷറി, പൊതുമരാമത്ത് വകുപ്പ് ഓഫീസുകള്‍, ബാര്‍ കൌണ്‍സില്‍, രജിസ്ട്രാര്‍ ഓഫീസ്, സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസുകള്‍ തുടങ്ങി നിരവധി ഓഫീസുകളാണ് സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ന് മുഴുവന്‍ ജീവനക്കാരും ഓഫീസുകളില്‍ എത്തിയതോടെയാണ് പ്രശ്നം രൂക്ഷമായത്. വെള്ളമില്ലാത്തതിനാല്‍ ശുചി മുറികള്‍ എല്ലാം പൂട്ടിയിട്ടിരിക്കുകയാണ്.
ജില്ലാ കളക്ടര്‍ ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടിലാണ് കാര്യങ്ങള്‍. വെള്ളിയാഴ്ച ജലവിതരണം വിശ്ചേദിച്ചപ്പോള്‍ തന്നെ പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നുവെങ്കില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ ഇത്രയധികം ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു. ജില്ലാ കളക്ടറേറ്റില്‍ ഒന്നിനും കുറവില്ല. വെള്ളക്കരവും വൈദ്യുതി ബില്ലും കൃത്യമായി അടക്കും. എന്നാല്‍ നൂറുകണക്കിന് ജീവനക്കാര്‍ ജോലി ചെയ്യുന്ന മിനി സിവില്‍ സ്റ്റേഷനോട് കടുത്ത അവഗണനയാണ് ജില്ലാ ഭരണകൂടത്തില്‍ നിന്നും ഉണ്ടാകുന്നത്. 2.69 കോടി രൂപ കുടിശ്ശിക ആയതിനെത്തുടര്‍ന്നാണ് നടപടിയുമായി വാട്ടര്‍ അതോറിറ്റി നീങ്ങിയത്.