പത്തനംതിട്ട :തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള വിവിധ മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നേറുകയാണ്. ബന്ധുക്കൾ തമ്മിൽ എതിർ ചേരിയിൽ നിന്നുള്ള മത്സരങ്ങളും രക്തബന്ധമുള്ളവർ തമ്മിൽ ഒരേ മുന്നണിയിൽ വിവിധ വാർഡുകളിൽ മത്സരിക്കുന്ന കാഴ്ചകൾക്കുമാണ് പത്തനംതിട്ട ജില്ല സാക്ഷ്യം വഹിക്കുന്നത്. ജില്ലയിൽ എൻ ഡി എ സ്ഥാനാർത്ഥികളായി വ്യത്യസ്ത വാർഡുകളിൽ മത്സരിക്കുകയാണ് ഒരമ്മയും മകളും.
കോഴഞ്ചേരി പഞ്ചായത്തിൽ എട്ടാം വാർഡായ ചേക്കുളം വാർഡിൽ ഓട്ടോറിക്ഷ ചിഹ്നത്തിലാണ് അമ്മ ശ്യാമള രാജൻ മത്സരിക്കുന്നത്. മകളായ സന്ധ്യ രാജനാകട്ടെ മൈലപ്ര ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ മണ്ണാരക്കുളഞ്ഞിയിൽ നിന്ന് താമര ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ഇരുവരും ജനവിധി തേടുന്നത്. അതിനാൽ അട്ടിമറി വിജയമുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഇരുവരും.