പത്തനംതിട്ട : പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കിയ നഗരസഭ ഹാജി സി. മീരാസാഹിബ് സ്‌മാരക ബസ്സ്റ്റാൻഡിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു തുടങ്ങി. കൗൺസിൽ തീരുമാനം നടപ്പാക്കാൻ നഗരസഭ ചെയർമാൻ നൽകിയ ഉത്തരവിനെ തുടർന്നാണ് നടപടികൾക്ക് തുടക്കമായത്. റവന്യൂ, എൻജിനീയറിങ്, ആരോഗ്യ വിഭാഗങ്ങളുടെ സംയുക്ത നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ ആരംഭിച്ചത്. യാത്രക്കാർക്ക് തടസം സൃഷ്ടിച്ചുകൊണ്ട് ബസ്റ്റാൻഡ് യാർഡിന് അഭിമുഖമായുള്ള വരാന്തകളിൽ നിർമ്മിച്ചിരുന്ന ബങ്കുകൾ നീക്കം ചെയ്‌തു. നിയമവിരുദ്ധമായും അനുമതിയില്ലാതെയും ബസ്സ്റ്റാൻഡിന് ഉള്ളിലും പുറത്തും സ്ഥാപിച്ചിട്ടുള്ള എല്ലാ പരസ്യ ബോർഡുകളും നീക്കി തുടങ്ങി. നിർമ്മാണം പൂർത്തീകരിച്ച പുതിയ യാർഡുകളുടെ ഡ്രൈനേജിൽ വ്യാപാരികൾ മലിന ജലം ഒഴിക്കുന്നത് കർശനമായി നിരോധിച്ചു. മാലിന്യം തരംതിരിച്ച് ശേഖരിക്കാൻ വരും ദിവസങ്ങളിൽ എല്ലാ വ്യാപാരികൾക്കും ബിന്നുകൾ നൽകും.
സെക്യൂരിറ്റി പരിശോധന കർശനമാക്കും. ബസ്സ്റ്റാൻഡ് കോംപ്ലക്‌സിലെ ലിഫ്റ്റ് വെല്ലുകളിൽ നിന്നും മാലിന്യം നീക്കി തുടങ്ങി. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബസ്സ്റ്റാൻ്റിൽ ടൈൽ വിരിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. കൗൺസിൽ തീരുമാനപ്രകാരം നിശ്ചിത തറവാടക ഈടാക്കി വ്യാപാരികളുടെ താൽപര്യങ്ങൾ കൂടി കണക്കിലെടുത്താകും ഇറക്കുകൾക്ക് അനുമതി നൽകുന്നത്. എന്നാൽ പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാകുന്ന നിലയിൽ വരാന്തയിൽ ഇറക്കുകൾ അനുവദിക്കില്ല. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഉയർന്ന നിരക്കിൽ പിഴയും പ്രോസിക്യൂഷൻ നടപടികളും ആരംഭിക്കുമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു.
ബസ്സ്റ്റാൻഡ് കോംപ്ലക്‌സിൽ ഒഴിഞ്ഞുകിടക്കുന്ന കടമുറികൾ വ്യവസ്ഥകളിൽ മാറ്റം വരുത്തി ലേലം ചെയ്തു നൽകുന്നതിനെപ്പറ്റി ആലോചിക്കാൻ ഉടൻ കൗൺസിൽ യോഗം ചേരും. വർഷങ്ങളായി കടമുറികൾ ഒഴിഞ്ഞു കിടക്കുന്നതിനാൽ വലിയ സാമ്പത്തിക നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടാകുന്നത്. ജനസൗഹൃദ ഇടമാക്കി നഗരസഭ ബസ് സ്റ്റാൻഡിനെ മാറ്റാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് ഷമീർ, കൗൺസിലർ ആർ സാബു മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, ഹെൽത്ത് സൂപ്പർവൈസർ വിനോദ് കുമാർ, റവന്യൂ ഓഫീസർ പ്രശാന്ത് എന്നിവരും ചെയർമാനോപ്പം ഉണ്ടായിരുന്നു.