പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിയതോടെ അവസാന മണിക്കുറുകളിൽ പരമാവധി വോട്ടുകൾ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് ജില്ലയിലെ ഇടത് – വലത് – എൻ ഡി എ മുന്നണികൾ.
ജില്ലാ ആസ്ഥാനമായ പത്തനംതിട്ട നഗരസഭയുടെ ഭരണം നിലനിർത്താൻ യു.ഡി.എഫും അട്ടിമറി വിജയം നേടി ഭരണം പിടിച്ചെടുക്കാൻ എൽഡിഎഫും ശ്രമിക്കുമ്പോൾ ആരും പ്രതിക്ഷിക്കാത്ത വിജയം നേടി തങ്ങളുടെ നിർണായക സാന്നിധ്യം അരക്കിട്ടുറപ്പിക്കാനാണ് എൻ.ഡി.എ യുടെ നീക്കം. അതോടൊപ്പം മറ്റു പാർട്ടികളും സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയ പ്രതീക്ഷയിലാണ്. പത്തനംതിട്ട നഗരസഭയുടെ ഭരണചക്രം തിരിക്കാൻ ഭൂരിപക്ഷം ഇത്തവണ ആരു നേടും എന്നതാണ് ഏവരും ഒരു പോലെ ഉറ്റുനോക്കുന്നത്.
32 വാർഡുകളുള്ള നഗരസഭയിൽ ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കാത്ത ഒരു സാഹചര്യം ഉണ്ടാകുകയും സ്വതന്ത്ര സ്ഥാനാർത്ഥികളും മറ്റു കക്ഷികളും നിർണായകമാകാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തലുകള്‍. അതിനാല്‍ നഗരസഭയിലെ പല വാർഡുകളിലും പോരാട്ടം കടുക്കുമെന്നാണ് സൂചനകള്‍. ഇടത്- വലത് – എൻ ഡി എ മുന്നണികൾ സ്വന്തമായി പ്രകടനപത്രിക പുറത്തിറക്കിയാണ് മത്സരം.
നഗരസഭയുടെ ഇതുവരെയുള്ള ചരിത്രത്തിൽ ഒരിക്കൽ മാത്രമേ ഇടതുമുന്നണിക്ക് അധികാരത്തിലെത്താൻ സാധിച്ചിട്ടുള്ളു. എന്നാൽ ഓരോ തെരഞ്ഞെടുപ്പിലും ശക്തമായ വെല്ലുവിളി ഉയർത്തി എന്നാൽ നിസാര വോട്ടുകൾക്കുണ്ടാകുന്ന പരാജയത്തിൽ ഭരണം കൈപ്പിടിയിൽ നിന്ന് വഴുതിപ്പോകുകയാണ് പതിവ്. പക്ഷേ ഇത്തവണ ഭരണം തിരിച്ചു പിടിക്കുമെന്ന മട്ടിലാണ് എൽഡിഎഫ്. അതിനാൽ മുൻ ചെയർമാനായ അഡ്വ. സക്കീർ ഹുസൈനെ വീണ്ടും അധ്യക്ഷപദവിയിലേക്ക് ഉയർത്തിക്കാട്ടിയാണ് ഇടതു മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത് .
വികസന രംഗത്തെ മുരടിപ്പും ജില്ലാ സ്റ്റേഡിയം വികസനം നടക്കാതെ പോയതുമെല്ലാം എൽഡിഎഫ് പ്രചാരണ വിഷയങ്ങളാണ്. എന്നാൽ എൽഡിഎഫിന്റെ പ്രചാരണങ്ങൾ വിലപ്പോവില്ലെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസം . കഴിഞ്ഞ അഞ്ചു വർഷത്തെ നഗരസഭയിലെ പ്രവർത്തനങ്ങളും ഇടതു സർക്കാരിനെതിരെയുള്ള ആരോപണങ്ങളും നഗരസഭയിൽ വോട്ടു വർദ്ധനവും സീറ്റു വർദ്ധനവും ഉണ്ടാകുമെന്ന് യുഡിഎഫ് ക്യാമ്പ് വിശ്വസിക്കുന്നു. കഴിഞ്ഞ തവണ ലഭിച്ചതിലും കൂടുതല്‍ സീറ്റുകള്‍ ഇപ്രാവശ്യം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍.
എന്നാൽ ഇടത് – വലത് മുന്നണികൾക്ക് വെല്ലുവിളിയാകുന്നത് എസ്.ഡി.പി.ഐ, ബിജെപി സ്ഥാനാർഥികളും വിമതരും സ്വതന്ത്രരുമാണ്. 24 വാർഡുകളിൽ ബിജെപിയും നാല് വാർഡുകളിൽ എസ്ഡിപിഐയും സ്വന്തം സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ട്. മുൻ കൗൺസിലർമാരടക്കം വിമതൻമാരായി രംഗത്തുമുണ്ട്.
മൂന്നു വാർഡുകളിൽ മാത്രമാണ് നേരിട്ടുള്ള മത്സരം. 17 വാർഡുകളിൽ ത്രികോണ മത്സരമാണ്. ഇതിലേറെയും ബിജെപിയോ എസ്ഡിപിഐയോ ആണ് മൂന്നാമത്തെ സ്ഥാനാർഥി. 12 വാർഡുകളിൽ നാല് മുതൽ ആറുവരെ സ്ഥാനാർഥികളുണ്ട്. മുണ്ടുകോട്ടയ്ക്കൽ, പട്ടംകുളം, പേട്ട നോർത്ത് വാർഡുകളിലാണ് നേരിട്ടുള്ള മത്സരം നടക്കുന്നത്. യുഡിഎഫ് നിരയിൽ ജില്ലാ കൺവീനറും നഗരസഭ മുൻ വൈസ് ചെയർമാനുമായ എ. ഷംസുദ്ദീന്റെ അഭിമാന പോരാട്ടമാണ് പത്താം വാർഡിൽ നടക്കുന്നത്. എന്നാല്‍ സി.പി.ഐയുടെ അബ്ദുൾ ഷുക്കൂറും എസ്.ഡി.പി.ഐയുടെ ഷെമീറും ഇവിടെ പ്രധാന എതിരാളികളാണ്.
പത്തനംതിട്ട നഗരം ഭരിച്ചവരില്‍ റോസിലിൻ സന്തോഷ് (11), എ. സുരേഷ് കുമാർ (24) എന്നിവർ യുഡിഎഫ് നിരയിലും ടി. സക്കീർ ഹുസൈൻ (8) എൽഡിഎഫിലും മത്സരരംഗത്തുണ്ട്. കഴിഞ്ഞ കൗൺസിലിലെ 11 പേർ മത്സര രംഗത്തുണ്ട്. കഴിഞ്ഞ കൗൺസിലിൽ എൽഡിഎഫ് പാർലമെന്‍ററി പാർട്ടി നേതാവായിരുന്ന പി.കെ. അനീഷ് (വാർഡ് രണ്ട്), യുഡിഎഫ് നിരയിലെ കെ. ജാസിംകുട്ടി (5), അൻസർ മുഹമ്മദ് (14), എം.സി. ഷെരീഫ് (23), റോഷൻ നയാർ (26), സിന്ധു അനിൽ (30), അംബിക വേണു (19) എന്നിവർ മത്സരരംഗത്തുണ്ട്. എൽഡിഎഫിൽ വി.ആർ. ജോൺസൺ (7) മത്സരരംഗത്തുണ്ട്.എസ്ഡിപിഐയുടെ കൗൺസിലറായിരുന്ന വത്സലയും 30 -ാം വാർഡിൽ സ്ഥാനാർഥിയാണ്.
മുൻ ചെയർപേഴ്സൺ ഗീതാ സുരേഷ് കഴിഞ്ഞതവണ മത്സരിച്ച 24-ാം വാർഡിലാണ് ഇത്തവണ എ.സുരേഷ് കുമാറിന്റെ അങ്കം. സിപിഐയിലെ സാബു കണ്ണങ്കരയാണ് പ്രധാന എതിരാളി. ബിജെപിയിലെ കെ.കെ. ഹരികുമാറും സ്വതന്ത്രനായ സുരേഷ് കുമാറും മത്സര രംഗത്തുണ്ട്. കൗൺസിലറായിരുന്ന റെജീന ഷെരീഫിനു പകരം ഭർത്താവ് എം.സി. ഷെരീഫ് 23 -ാം വാർഡിൽ മത്സരിക്കുന്നു. മുൻ കൗൺസിലർ കെ. അനിൽ കുമാറിന്റെ ഭാര്യ അനില അനിലാണ് മൂന്നാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി.
സ്ഥാനമൊഴിഞ്ഞ കൗൺസിലിലെ വൈസ് ചെയർമാൻ എ. സഗീറിന്റെ ഭാര്യ സുൽഫിയ സഗീറാണ് 22-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി. ഇതേ വാർഡിൽ മുൻ വൈസ് ചെയർപേഴ്സൺ റഷീദാ ബീവിയെ സിപിഎം സ്ഥാനാർഥിയാക്കി. നേരത്തെ മുസ്ലിംലീഗിലായിരുന്ന റഷീദാബീവി സമീപകാലത്താണ് സിപിഎം അംഗമായത്. കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തെ ഒപ്പം കൂട്ടിയത് പത്തനംതിട്ടയിൽ എൽഡിഎഫ് നേട്ടമായി കാണുന്നു. അഞ്ച് വാർഡുകളിൽ അവർ മത്സരിക്കുന്നുണ്ട്. ടൗൺ വാർഡിൽ റബേക്ക ബിജുവാണ് മത്സരരംഗത്തുള്ളത്. 16, 18, 28, 32 വാർഡുകളിലും കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർഥികളാണ് . വാർഡ് 28 ൽ മുൻ കൗൺസിലർ ബാബു വിളവിനാലാണ് സ്ഥാനാർഥി. യുഡിഎഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ട് വാർഡുകൾ മാത്രമാണു നൽകിയത്. 32 -ാം വാർഡ് ലഭിക്കാതെ വന്നതോടെ കോൺഗ്രസ്, ജോസഫ് ഗ്രൂപ്പ് സൗഹൃദ മത്സരത്തിനു കളമൊരുങ്ങി. കോൺഗ്രസിലെ ആനി സജി മത്സരിക്കുന്ന വാർഡിൽ ജോസഫ് ഗ്രൂപ്പിൽ നിന്ന് പ്രഫ. സാലി ബാബുവും സ്ഥാനാർഥിയാണ്. ജോസ് വിഭാഗത്തിലെ സുനിതാ വർഗീസാണ് എൽഡിഎഫ് സ്ഥാനാർഥി.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ദീപു ഉമ്മൻ മത്സരിക്കുന്ന 16 -ാം വാർഡിൽ കോൺഗ്രസിന്റെ സീനിയർ കൗൺസിലറായിരുന്ന കെ.ആർ. അരവിന്ദാക്ഷൻ നായർ വിമത സ്ഥാനാർഥിയാണ്. ജോസ് വിഭാഗത്തിലെ ജെറി അലക്സാണ് എൽഡിഎഫ് സ്ഥാനാർഥി. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറിയായിരുന്ന അനിൽ തോമസ് മത്സരിക്കുന്ന 29 ാം വാർഡിൽ മുൻ വൈസ് ചെയർമാൻ കെ.ആർ. അജിത് കുമാറിന്റെ സ്ഥാനാർഥിത്വം യുഡിഎഫിനു വെല്ലുവിളിയാണ്. 2010ലും സമാനമായ രീതിയിൽ ഈ വാർഡിൽ മത്സരം നടന്നിരുന്നു. ജോർജ് ബി.തോമസ് എൽഡിഎഫ് സ്ഥാനാർഥിയായും രമേശ് ജി. അഴൂർ ബിജെപി സ്ഥാനാർഥിയായും രംഗത്തുണ്ട്.
യുഡിഎഫിൽ മുസ്ലിം ലീഗിന് മൂന്ന് വാർഡുകളാണ് നൽകിയത്. ഒന്‍പതാം വാർഡിൽ ലീഗിലെ എം. സിറാജും സിപിഎമ്മിലെ മുൻ കൗൺസിലർ ആർ. സാബുവും തമ്മിൽ നേരിട്ടുള്ള മത്സരമാണ്. 13, 22 വാർഡുകളിലും ലീഗാണ് മത്സരരംഗത്ത്. ഒരു വാർഡിൽ കോൺഗ്രസ് വിമത സ്ഥാനാർഥിയെത്തിയതും ഭീഷണിയാണ്. ആർഎസ്പിക്ക് യുഡിഎഫ് നൽകിയ മൂന്നാംവാർഡിൽ കോൺഗ്രസിലെ മുൻ കൗൺസിൽ ജോളി സെൽവൻ സ്ഥാനാർഥിയാണ്.
കോൺഗ്രസിലെ സിന്ധു അനിൽ മത്സരിക്കുന്ന 30 ാം വാർഡിലും വിമതഭീഷണിയുണ്ട്. 18 ാം വാർഡിൽ ജോസഫ് വിഭാഗം സ്ഥാനാർഥി രാധാമണിയാണ്. ജോസ് വിഭാഗത്തിൽ നിന്നു സുജ അജി മത്സരിക്കുന്നു. മുൻ കൗൺസിലർമാരായ സൂസൻ ജോണും (യുഡിഎഫ്), ബിജി ജോസഫുമാണ് 15 -ാം വാർഡിൽ ഏറ്റുമുട്ടുന്നത്. യുഡിഎഫിന് വാർഡിൽ വിമതഭീഷണിയുണ്ട്. ഇന്ദിരാമണിയമ്മ ഇവിടെ സ്വതന്ത്രയായി മത്സര രംഗത്തുണ്ട്.
വാശിയേറിയ തെരഞ്ഞെടുപ്പിനായിരിക്കും പത്തനംതിട്ട നഗരസഭ ഇത്തവണ സാക്ഷ്യം വഹിക്കുക. മുന്നണികളുടെ വിജയ പരാജയങ്ങള്‍ നിശ്ചയിക്കുക വിമതന്മാരും സ്വതന്ത്ര സ്ഥാനാര്‍ഥികളുമായിരിക്കും ഇപ്രാവശ്യം. വിമതരായി മത്സരിക്കുന്നവരെ ആറു വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും തങ്ങളെ പിന്നോട്ടുവലിക്കില്ല എന്ന നിലപാടിലാണ് വിമതര്‍.
വീണാ ജോര്‍ജ്ജ് എം.എല്‍.എ കൊണ്ടുവന്ന അന്താരാഷ്‌ട്ര സ്റ്റേഡിയം വേണ്ടെന്നുവെച്ച് നഗരത്തിന്റെ വികസനം മുരടിപ്പിച്ച ഭരണസമിതിയായിരുന്നു യു.ഡി.എഫ് ന്റെതെന്ന ശക്തമായ ആരോപണവുമായി എല്‍.ഡി.എഫ് ഓരോ വാര്‍ഡിലും സജീവമാണ്. എന്നാല്‍ പത്തനംതിട്ട നഗരസഭയുടെ കോടികള്‍ വിലമതിക്കുന്ന കണ്ണായ സ്ഥലം സി.പി.എം നിയന്ത്രിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് തീറെഴുതി നല്‍കാനുള്ള ശ്രമമായിരുന്നു ഇതെന്ന് കോണ്‍ഗ്രസ്സും തിരിച്ചടിക്കുന്നു. നഗരസഭയുടെ സ്ഥലത്ത് എന്തു നിര്‍മ്മിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം നഗരസഭക്കും നഗരവാസികള്‍ക്കുമാണെന്നും ഭീഷണിയിലൂടെ സ്റ്റേഡിയത്തിന്റെ സ്ഥലം കൈവശപ്പെടുത്താനാണ് സി.പി.എം ശ്രമിച്ചതെന്നും മുന്‍ ചെയര്‍മാന്‍ അഡ്വ.എ.സുരേഷ് കുമാര്‍ പറഞ്ഞു. ആന്റോ ആന്റണിയുടെ എം.പി ഫണ്ടില്‍ നിന്നും പണം ചെലവഴിച്ച് ആധുനിക ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞുവെന്നും ജില്ലാ സ്റ്റേഡിയത്തില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ താമസിക്കാതെ ഉണ്ടാകുമെന്നും എ.സുരേഷ് കുമാര്‍ പറഞ്ഞു.