പത്തനംതിട്ട : ഏതു നായക്കും ഒരുദിവസം വരുമെന്ന് പറയുന്നതുപോലെ മുന്തിയ ഇനം നായ്ക്കളെ പിന്തള്ളി നാടൻ നായ്ക്കൾക്ക് ഇപ്പോൾ ഡിമാൻഡ് കൂടി. നല്ല ലക്ഷണങ്ങളോടെ ഒറ്റ കളറിലുള്ള പട്ടിക്കുട്ടിയാണെങ്കിൽ ആവശ്യക്കാർ പാഞ്ഞെത്തും. കാണാൻ വലിയ ലുക്കില്ലെങ്കിലും വീട്ടുകാവലിന് നാടൻ നായ്ക്കളോളം മറ്റു നായ്ക്കൾക്ക് കഴിയില്ലെന്ന തിരിച്ചറിവാണ് തെരുവുപട്ടികൾക്ക് അനുഗ്രഹമാകുന്നത്. ഇപ്പോൾ കുഞ്ഞുങ്ങളുണ്ടാകുന്ന സമയമായതിനാൽ നല്ല നാടൻ പട്ടിക്കുട്ടികളെ കിട്ടുന്നതിനുള്ള അന്വേഷണത്തിലാണ് പലരും.
പരിചരണമൊന്നുമില്ലാതെ ജനനം മുതൽ മരണംവരെ ചികിത്സ പോലുമില്ലാതെ നാടൻ നായ്ക്കൾ വളരും. വീട്ടുകാർ കഴിക്കുന്നതെന്തും ഇവർക്കും പ്രിയപ്പെട്ടതാണ്. പച്ചക്കറിയായാലും ഇവ തട്ടിവിടും. ഇതിനായി വിലകൂടിയ തീറ്റവാങ്ങി കടക്കെണിയിലാകണ്ട. ഇവ വീട്ടുകാരുമായി പെട്ടെന്ന് ഇണങ്ങും. വലിയ പരിശീലനം ഒന്നുമില്ലാതെ കാര്യങ്ങൾ ഗ്രഹിക്കാനുള്ള പ്രത്യേക കഴിവും ഇവയ്ക്കുണ്ട്. രാത്രിസമയം വീടിനു പുറത്തിറങ്ങുമ്പോൾ ഒരുനായ ഉണ്ടെങ്കിൽ അത് വലിയ സംരക്ഷണവലയം തന്നെയാണ്. പണക്കാരൻ, പാവപ്പെട്ടവൻ എന്നിങ്ങനെ അന്തരമില്ലാതെ നാടൻ നായ്ക്കളെ ഓമനിച്ചു വളർത്തുന്നവർ ഈയിടെയായി വർധിച്ചിരിക്കുകയാണ്.
വിദേശ ഇനങ്ങളെ വളർത്താനുണ്ടാക്കിയ മനോഹരമായ കൂടുകളിൽ ഇപ്പോൾ നാടൻ നായ്ക്കളാണ് വിലസുന്നത്. ഇടുക്കി പെട്ടിമുടിയിൽ കുന്നിടിഞ്ഞിറങ്ങിയ പ്രകൃതിദുരന്തത്തിൽ മണ്ണിനടിയിൽപ്പെട്ട പിഞ്ചുകുട്ടിയുടെ മൃതദേഹം കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് സഹായകമായത് അവരുടെ വീട്ടിൽ വളർത്തിയിരുന്ന നാടൻ നായയായിരുന്നു. പത്രങ്ങളിലെ വാർത്തകളിൽ പടം സഹിതമാണ് ഈ വളർത്തുനായ നിറഞ്ഞുനിന്നത്.
പോലീസിന്റെ കുറ്റാന്വേഷണ വിഭാഗത്തിൽ നാടൻ നായ്ക്കൾക്കാണ് ഇപ്പോൾ കൂടുതലായി പരിശീലനം നല്കുന്നത്. കാട്ടിലെ വനവിഭവങ്ങൾ ശേഖരിച്ച് ഉപജീവനമാർഗം നടത്തുന്ന ആദിവാസി കോളനിയിൽ ഒരു വീട്ടിൽതന്നെ മൂന്നും നാലും നാടൻ നായ്ക്കൾ ഉണ്ടാകും. ഉൾക്കാടുകളിലേക്ക് പോകുമ്പോൾ വന്യമൃഗങ്ങളിൽനിന്നും മറ്റും ആദിവാസികൾക്ക് സംരക്ഷണം നല്കുന്നത് ഈ ശ്വാനപടയാണ്.
പെണ്പട്ടികൾക്കാണ് ബുദ്ധി കൂടുതൽ. ഇതിനാൽ ഇവ ആക്രമണകാരികളുമാകും. ഇവയുടെ ഭാവവ്യത്യാസങ്ങൾ മനസിലാക്കിയാണ് ആദിവാസികൾ കാട്ടിൽ യാത്രചെയ്യുക. എന്തായാലും നാടൻനായ്ക്കൾക്ക് നല്ലകാലം അടുത്തുവരികയാണ്. ഇനി തെരുവുപട്ടിയെന്ന് പറഞ്ഞു ഇവയെ കല്ലെറിഞ്ഞ് ഓടിക്കുന്ന കാലം വൈകാതെ ഓർമയാകും.