ചാരുംമൂട് : ഗൂഗിൾമാപ്പ് നോക്കി സഞ്ചരിച്ച കാറും ഡ്രൈവറും ചെങ്കുത്തായ മലഞ്ചെരുവിൽ അകപ്പെട്ടു. പത്തനംതിട്ട കൊടുമൺ ഐക്കാട് സ്വദേശിയും ബെംഗളൂരുവിൽ സോഫ്റ്റ്‌വേർ എൻജിനിയറുമായ ഷൈബിയാണ് നൂറനാട് മറ്റപ്പള്ളി കരിമാൻകാവിലെ റബ്ബർ എസ്റ്റേറ്റിൽ അപകടാവസ്ഥയിൽ അകപ്പെട്ടത്. അടൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തി വടവും ഓഫ്‌റോഡ് വാഹനവും ഉപയോഗിച്ച് കാർ പിന്നോട്ടെടുത്താണ് രക്ഷപെടുത്തിയത്. അവധികഴിഞ്ഞ് ബെംഗളൂരുവിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് ഷൈബി ഇവിടെ അകപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടുകൂടി നൂറനാട് ഭാഗത്തുനിന്ന് ഗൂഗിൾമാപ്പ് നോക്കി സഞ്ചരിച്ച് കുടശ്ശനാട്ടേക്ക് എളുപ്പമാർഗം പോവുകയായിരുന്നു. തുടർന്ന് വഴിതെറ്റി ആദിക്കാട്ടുകുളങ്ങരയിൽനിന്നു കരിമാൻകാവ് അമ്പലത്തിനു സമീപത്തുകൂടി മറ്റപ്പള്ളി മലയിലെ റബ്ബർ എസ്റ്റേറ്റിലേക്കു പോയി. വഴിതെറ്റിയെന്നു മനസ്സിലാക്കിയപ്പോൾ കാർ തിരിക്കാനായി മുന്നോട്ടുപോവുകയും 50 മീറ്ററോളം ചെങ്കുത്തായ സ്ഥലത്ത് എത്തപ്പെടുകയും ചെയ്തു.
വാഹനം തിരികെ കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയിൽ അടൂർ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. വിജനമായ സ്ഥലത്തേക്ക് കാർ പോകുന്നതു കണ്ട നാട്ടുകാർ കൃത്യമായ സ്ഥലം അഗ്നിരക്ഷാസേനയെ അറിയിച്ചു. ഈ സ്ഥലത്ത് മുൻപും വാഹനങ്ങൾ വഴിതെറ്റി വന്നിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇവിടെ മൂന്നു വാഹനങ്ങൾ തലകീഴായി മറിഞ്ഞിട്ടുണ്ട്. സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നിർദേശത്തെത്തുടർന്ന് സീനിയർ ഫയർ ഓഫീസർ ബി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് സേനയെത്തിയത്. ഡ്രൈവർ സജാദ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ സാനിഷ്, ദീപേഷ്, ഹോം ഗാർഡ് പി.എസ്. രാജൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു