കോഴഞ്ചേരി : പൊങ്ങനാംതോട്ടിലേക്ക് മാലിന്യം തള്ളുന്നവർക്ക് തക്ക ശിക്ഷയും പിഴയും നൽകുമെന്ന് അധികൃതർ. കോഴഞ്ചേരി പഞ്ചായത്ത് അധികൃതരാണ്
മാലിന്യം തള്ളുന്നതിനെതിരേ കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്നത്.
വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും ശുചിമുറികളുടേതുൾപ്പെടെ ഓവുകൾ സ്ഥാപിച്ചത്, വിവിധ വാർഡുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പരിശോധന നടത്തിയതിനെത്തുടർന്ന് പത്തുദിവസത്തിനകം കൈയേറ്റംഗങ്ങളും നിയമവിരുദ്ധ മാലിന്യമൊഴുക്കലും നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ഫൈനും ലൈസൻസും റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിക്കുമെന്നും 25 പേർക്ക് നോട്ടീസ് മുഖാന്തരം അറിയിപ്പുകൊടുത്തിരുന്നു.
നോട്ടീസിൽ പറഞ്ഞിരിക്കുന്ന കാലാവധി കഴിഞ്ഞതിനാൽ വെള്ളിയാഴ്ച ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമതി അധ്യക്ഷ സുനിതാ ഫിലിപ്പ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, ഹെൽത്ത് ഇൻസ്പെക്ടർ മീര, ജനപ്രതിനിധികളായ ബിജോ പി.മാത്യു, ടി.ടി.വാസു, ഗീതു മുരളി എന്നിവർ സ്ഥാപനങ്ങളും വീടുകളും പരിശോധന നടത്തി. ഇപ്പോഴും വീടുകളുടെയും സ്ഥാപനങ്ങളുടെയും നിരവധി ഓവുകൾ മാറ്റിയിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നിയമനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.