പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ നാടകങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ് ജില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അസംബ്ലി തെരഞ്ഞെടുപ്പിൻ്റെ സെമി ഫൈനൽ എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് വ്യത്യസ്തമായ കരുനീക്കങ്ങളുമായി രാഷ്ട്രീയ നേതാക്കളും പാർട്ടികളും കളം നിറഞ്ഞു നിൽക്കുന്നത്.
ഇതിനിടയിലാണ് ഭരണ കാലാവധി അവസാനിക്കാൻ വിരലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കെ റാന്നി – പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബീനാ സജിയുടെ നിർണ്ണായക നീക്കം. പഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണസമിതിക്ക് കഴിഞ്ഞ അഞ്ചുവർഷവും നേതൃത്വം നൽകിയ ബീനാ സജി സിപിഐ എമ്മിൽ ചേർന്നു. ബീനാ സജിയോടൊപ്പം കോണ്‍ഗ്രസിലെ തന്നെ പഞ്ചായത്ത് മെമ്പറായ പി.ജി. ശോഭനയും സിപിഐമ്മിൽ ചേർന്നു. ബീനാ സജി പഞ്ചായത്ത് പ്രസിഡന്‍റു സ്ഥാനവും മെംബർ സ്ഥാനവും രാജിവെച്ചാണ് സിപിഐഎമ്മിലെത്തിയത്. ശോഭനയും പഞ്ചായത്തംഗത്വം രാജിവെച്ചിട്ടുണ്ട്.
പഞ്ചായത്തിലെ മുൻ മെമ്പറായ യമുന മോഹനും ഇവരോടൊപ്പം സിപിഐഎമ്മിലേക്ക് എത്തി ചേർന്നിട്ടുണ്ട്. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ ബീനാ സജിയെയും ശോഭനയെയും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പാർട്ടിയിലേക്ക് സ്വീകരിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കൂടിയാണ് ശോഭന. ജില്ലാ കമ്മിറ്റിയംഗം പി.എസ്. മോഹനൻ, ലോക്കൽ സെക്രട്ടറി റോബിൻ കെ. തോമസ് എന്നിവർക്കൊപ്പമെത്തിയാണ് ബീനാ സജി സിപിഎം അംഗത്വം സ്വീകരിച്ചത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം പെരുനാട് പഞ്ചായത്തിൽ കോണ്‍ഗ്രസ് ഭരണത്തിലെത്തിയത് സിപിഎമ്മിനെ ഏറെ ഞെട്ടിച്ചിരുന്നു. മൂന്നര പതിറ്റാണ്ടിനുശേഷം പെരുനാട്ടിൽ കോണ്‍ഗ്രസ് ഭരണത്തിലെത്തിയത്. 15 അംഗ ഭരണസമിതിയിൽ 11 സീറ്റുകളും യുഡിഎഫിനായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിന്‍റെ പേരിൽ പാർട്ടിക്കുള്ളിലുണ്ടായ കടുത്ത ഗ്രൂപ്പ് പോരാണ് രാജിയിൽ കലാശിച്ചത്. എ,ഐ ഗ്രൂപ്പുകൾ ഓരോ വാർഡിലും പ്രത്യേകം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രാജിവച്ച അംഗങ്ങൾ ഐ വിഭാഗത്തിൽ പെട്ടവരാണ്. എന്നാൽ കഴിഞ്ഞദിവസം അടൂർ പ്രകാശ് നേതൃത്വ സ്ഥാനം വഹിച്ചു ഐ ഗ്രൂപ്പിൻ്റെ യോഗത്തിൽ ഇവർ പങ്കെടുത്തിരുന്നില്ല.
ഇതേത്തുടർന്ന് ചില നേതാക്കളുമായി അസ്വാരസ്യമുണ്ടായതായും സീറ്റു നൽകില്ലെന്നും ഇവർ ബീന സജിയോട് പറഞ്ഞതായും വിവരങ്ങൾ പുറത്തു വരുന്നുണ്ട്. അതേസമയം ബീനാ സജി ആവശ്യപ്പെടുന്ന വാർഡിൽ സീറ്റ് നൽകണമെന്ന് എ ഗ്രൂപ്പും ആവശ്യപ്പെട്ടിരുന്നു. ഇത്തവണ പ്രസിഡന്‍റ് സ്ഥാനം ജനറൽ വിഭാഗത്തിനാകുമെന്ന പ്രതീക്ഷയിൽ തുടർ ഭരണം ലഭിച്ചാൽ പ്രസിഡന്‍റാകാൻ നേതാക്കളുടെ വലിയ നിര രംഗത്തുണ്ട്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് തർക്കം ഏറെ നാളായി പുകഞ്ഞു കൊണ്ടിരുന്ന പെരുനാട്ടിൽ അവിശ്വാസത്തിലൂടെ കോൺഗ്രസ്സുകാരനായ വി.കെ വാസുദേവനെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് ഭരണത്തിന്‍റെ തുടക്കത്തിൽ തന്നെ പുറത്താക്കിയിരുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച നാല് കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുക്കയുമുണ്ടായി. ബീന സജിയുടെയും ശോഭനയുടെയും സി പി ഐഎമ്മിലേക്കുള്ള കൊഴിഞ്ഞുപോക്ക് കോൺഗ്രസ് നേതൃത്വത്തെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.