പത്തനംതിട്ട : പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും മൂന്നുപേരെ പത്തനംതിട്ട പോലീസ് പിടികൂടി. പ്രമാടം മല്ലശ്ശേരി മറുർ കൃഷ്ണ വിലാസം വീട്ടിൽ ഹരികൃഷ്ണപിള്ള (23), പ്രമാടം താഴെടത്ത് വീട്ടിൽ പ്രദീഷ് (23), പ്രമാടം മല്ലശ്ശേരി മറുർ കീഴേത് വീട്ടിൽ ആരോമൽ (23) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ഏഴോടെ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനുമുന്നിൽ അടിപിടി കൂടുന്നത് അറിഞ്ഞു സ്ഥലത്തെത്തിയ എസ് ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള പോലീസിനു നേരേ അക്രമികൾ തിരിയുകയായിരുന്നു. അടിപിടി കൂടിയവരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോൾ ഇവർ പോലീസിനെ ആക്രമിച്ചു.
നാലുപേർ ഓടി രക്ഷപ്പെട്ടു. എസ് ഐ ഉൾപ്പെടെ നാലു പോലീസുദ്യോഗസ്ഥർക്ക് പരിക്കുപറ്റി.എസ് ഐ ജിനുവിന്റെ യൂണിഫോം വലിച്ചുകീറുകയും തള്ളി താഴെയിടുകയും കമ്പി കഷ്ണം കൊണ്ട് ഇടതുകൈത്തണ്ടയിൽ പരിക്കേൽപ്പിക്കുകയും ചെയ്തു. സ്റ്റേഷനിലെത്തിച്ചുകഴിഞ്ഞും അക്രമം തുടർന്ന പ്രതികൾ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്പിച്ചു. ആഷർ മാത്യു, ശ്രീകാന്ത്, സുമൻ സോമരാജ് എന്നീ പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. അറസ്റ്റിലായ പ്രതികൾ മുമ്പ് ദേഹോപദ്രവം ഏൽപ്പിക്കൽ ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ടവരാണ്. സംഭവസ്ഥലത്ത് നിന്നും ഓടിപ്പോയവരെ അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. അവർക്കായുള്ള അന്വേഷണം തുടരുകയാണ്. പ്രതികരളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.