പത്തനംതിട്ട : സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വ്വീസുകൾ നിര്‍ത്തിയതോടെ പത്തനംതിട്ട ജില്ലയിലെയും യാത്രാ ക്ലേശം രൂക്ഷമായി. സാധാരണക്കാരാണ് ഇതു മൂലം ബുദ്ധിമുട്ടിയിരിക്കുന്നത്. വൻ സാമ്പത്തിക നഷ്ടത്തെ തുടര്‍ന്നാണ് സർവ്വീസുകൾ നിർത്താൻ ബസുടമകൾ തീരുമാനിച്ചത്. ആരോഗ്യവകുപ്പിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്ന് ആരംഭിക്കാനിരുന്ന ദീര്‍ഘദൂര സര്‍വ്വീസ് കെ.എസ്.ആര്‍.ടി.സിയും പിന്‍വലിച്ചിരുന്നു.
ഇതോടെ പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിലേക്കുള്ള സർവ്വീസുകൾ പൂർണ്ണമായും നിലച്ചു. ഇതു മൂലം ജില്ലയിലെ ദിവസ വേതനക്കാരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലായിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരായ ഇവർക്ക് ഒന്നിലധികം ബസുകൾ കയറി വേണം ജോലിസ്ഥലത്ത് എത്തിച്ചേരാൻ. കോവിഡ് പ്രതിസന്ധി മൂലം പല സ്ഥാപനങ്ങളിലും ജോലിക്കാരെ കുറയ്ക്കുന്നതിനു വേണ്ടി ഒന്നിടവിട്ട ദിവസങ്ങളിലാണ് ഓരോരുത്തർക്കും ജോലി നൽകിയിരിക്കുന്നത്. ഒരു മാസം ലഭിക്കുന്ന ശമ്പളത്തിൻ്റെ പകുതി മാത്രമാണ് ഇതു കാരണം ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ ബസ് സർവ്വീസുകൾ കൂടി നിർത്തിയതിനാൽ ആകെ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇവർ. ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ ഇടപെടണമെന്നാണ് ദിവസവേതനക്കാരായ സാധാരണക്കാരുടെ ആവശ്യം.
അതേസമയം കോവിഡ് പ്രതിസന്ധി മൂലം നിലവിൽ എല്ലാ ബസുകളും വലിയ നഷ്ടം നേരിടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അതിനാലാണ് എല്ലാ സർവ്വീസുകളും നിർത്തിവെയ്ക്കാൻ നിർബന്ധിതരായിരിക്കുന്നത് എന്നാണ് സ്വകാര്യ ബസുടമകൾ അറിയിച്ചിട്ടുള്ളത്. കൊവിഡ് വ്യാപനത്തിന് പിന്നാലെ ലോക്ക്ഡൗൺ നിലവിൽ വന്നതോടെ രണ്ടര മാസത്തോളം സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവ്വീസ് അവസാനിപ്പിച്ചിരുന്നു.
പിന്നീട് കേന്ദ്ര സർക്കാരിന്റെ അൺലോക്കിംഗിൻ്റെ ഭാഗമായി ബസ് സർവ്വീസിന് അനുമതി നൽകിയെങ്കിലും നിരക്കിനെ ചൊല്ലിയുള്ള തർക്കവും യാത്രക്കാരെ കിട്ടാനുള്ള ക്ഷാമവും കേരളത്തിൽ ബസ് സർവ്വീസ് പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബസ്സുടമകളുടെ സംയുക്ത സമിതിയുടെ തീരുമാനത്തെ തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തി വെയ്ക്കാന്‍ തീരുമാനിച്ചത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചിരുന്നു. നിരക്ക് നിശ്ചയിക്കുന്നതിനുളള കിലോമീറ്റര്‍ പരിധി കുറച്ചായിരുന്നു പരിഷ്‌കരണം .കെ എസ് ആർ ടി സി യും സ്വകാര്യ ബസും സർവ്വീസ് നിർത്തിയതോടെ കൂടുതൽ ബുദ്ധിമുട്ടിലായിരിക്കുകയാണ് സാധാരണക്കാർ.