മല്ലപ്പള്ളി: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുറമറ്റം പഞ്ചായത്തില്‍ പതിമൂന്ന് വാർഡുകളിൽ ഒമ്പതും നേടിയാണ് യു.ഡി.എഫ് ഭരണത്തിലെത്തിയത്. എന്നാല്‍ കഴിഞ്ഞ യു.ഡി.എഫ് ഭരണകാലം ഏറെ രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയായി മാറുകയാണ് ഉണ്ടായത്. പ്രസിഡന്റ് , വൈസ് പ്രസിഡന്റ് സ്ഥാനങ്ങളെ ചൊല്ലിയുള്ള തർക്കം മൂലം യു.ഡി.എഫിലെ നാല് അംഗങ്ങൾ എൽ.ഡി.എഫിലെ നാലുപേരുമായി ചേർന്ന് ആദ്യം അവിശ്വാസം കൊണ്ടുവന്നു. അവിശ്വാസത്തിലൂടെ വൈസ് പ്രസിഡൻറിനെ പുറത്താക്കി.
ധാരണ പ്രകാരം പ്രസിഡന്റ് നേരത്തേ രാജിവെച്ചിരുന്നു. തുടർന്ന് നടന്ന പ്രസിഡന്റ് , വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂറുമാറിയ നാല് അംഗങ്ങൾ എൽ.ഡി.എഫിനൊപ്പം ചേർന്ന് അവസാന ഒരുമാസം എൽ.ഡി.എഫിനായിരുന്നു ഭരണം. കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ രാജ്യസഭ ഉപാധ്യക്ഷൻ കൂടിയായ പി.ജെ. കുര്യന്റെ പഞ്ചായത്താണ് പുറമറ്റം. എന്നാൽ കോൺഗ്രസിൽ ഏറ്റവും കൂടുതൽ ഗ്രൂപ്പുകളി നടക്കുന്നത് ഈ പഞ്ചായത്തിലാണ്.
എങ്കിലും ഭരണം പിടിച്ചെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് കോൺഗ്രസ്. കഴിഞ്ഞ ഭരണസമിതി നാടിന്റെ വികസനം മുടക്കിയെന്ന ആക്ഷേപമാണ് എൽ.ഡി.എഫ് ഉയർത്തുന്നത്. കുടിവെള്ളവും നല്ല ചികിത്സയുമാണ് പഞ്ചായത്തിലെ പ്രധാന പ്രശ്നം. ഈ സാഹചര്യത്തില്‍ ഇത് ഉയര്‍ത്തിക്കാട്ടിയാണ് എല്‍ ഡി എഫ് പ്രചരണം നടത്തിയത്. അതിനാല്‍ ഭരണത്തില്‍ എത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ഇടത് മുന്നണി പങ്കുവെക്കുന്നത്