പത്തനംതിട്ട : പെയ്ഡ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. കുലശേഖരപതി വടക്കേച്ചരുവില്‍ ആദിലാണ് പോലീസിന്റെ പിടിയിലായത്.
മഹാരാഷ്ട്രയില്‍ നിന്നും വന്ന യുവതി നഗരത്തിലെ അബാന്‍ ആര്‍ക്കേഡില്‍ പെയ്ഡ് ക്വാറന്റൈനിലായിരുന്നു കഴിഞ്ഞിരുന്നത്. ഈസമയം അവിടെ എത്തിയ ആദിൽ താന്‍ ആരോഗ്യവകുപ്പ് ജീവനക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ശേഷം കോവിഡ് പരിശോധന നടത്താന്‍ വന്നതാണെന്നും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഇതു വിശ്വസിച്ച യുവതിയെ ഇയാൾ പിന്നീട് കടന്നു പിടിച്ചതോടെ യുവതി ബഹളം വെച്ചു. തുടർന്ന് ഇയാള്‍ പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന ആളുകൾ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
അബാന്‍ ടവറില്‍ ഇയാളുടെ ബന്ധു ജോലി ചെയ്യുന്നുണ്ട്. അയാളെ കാണാന്‍ എത്തിയതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. സമാനമായ പല സംഭവങ്ങളിലും യുവാവ് ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം. ഈ ഹോട്ടല്‍ പെയ്ഡ് ക്വാറന്റൈനുവേണ്ടി വിട്ടു നല്‍കിയിട്ടുള്ളതാണ്. ഈ വിവരം പ്രതിക്ക് അറിവുള്ളതാണ്. അതു കൊണ്ടാണ് സധൈര്യം റൂമിലേക്ക് ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് ചെന്നതെന്നും ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.