പത്തനംതിട്ട : ക്വാറികൾക്ക് 200 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി സംസ്ഥാന സര്‍ക്കാരിനും ക്വാറി ഉടമകള്‍ക്കും കനത്ത തിരിച്ചടിയായി. പത്തനംതിട്ട ജില്ലയിൽ പ്രവർത്തിക്കുന്ന നിരവധി കരിങ്കല്‍ ക്വാറികൾ ഇതുമൂലം പൂട്ടേണ്ടിവരും. ജനവാസകേന്ദ്രത്തിൽനിന്ന് 50 മീറ്റർ അകലത്തിൽ ക്വാറികൾ അനുവദിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വഴിവിട്ട തീരുമാനത്തിനും ഇത് തിരിച്ചടിയായി . ദൂരപരിധി ലംഘിച്ച് സംസ്ഥാനത്ത് 300-ഓളം വൻകിട ക്വാറികളാണ് നിലവിൽ പ്രവർത്തിക്കുന്നത് .
സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിക്കുന്ന ക്വാറികളും പൊതു സ്ഥലങ്ങളുമായി ചുരുങ്ങിയത് 200 മീറ്റര്‍ അകലം വേണമെന്നാണ് ട്രൈബ്യൂണല്‍ ഉത്തരവ്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാതെ പാറ പൊട്ടിക്കുന്ന ക്വാറികള്‍ക്കും ചുരുങ്ങിയത് 100 മീറ്റര്‍ ദൂരപരിധി ഉണ്ടായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ദേശീയ മലീനികരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണ് കോടതിയുടെ തീരുമാനം.
പത്തനംതിട്ട ജില്ലയിലെ ക്വാറികളിൽ ഭൂരിഭാഗവും അൻപത് മീറ്റർ ദൂരപരിധിയിൽ നിന്നാണ് പ്രവർത്തിക്കുന്നത്.
രാജ്യം മുഴുവൻ ഈ ഉത്തരവ് നടപ്പാക്കണമെന്ന നിർദേശമുള്ളതിനാൽ ജില്ലയിലെ ക്വാറികളുടെ പ്രവർത്തനത്തിനും ഇത് ബാധകമാകും. പത്തനംതിട്ട ജില്ലയിലെ മിക്ക പ്രദേശങ്ങളിലും നിലവിൽ പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ ജനങ്ങളുടെ സമരങ്ങളും ശക്തമാണ് .
ഭൂമിയെ തുരന്ന് നശിപ്പിക്കുന്ന ക്വാറി മുതലാളിമാർക്ക് ക്വാറിയുടെ പ്രവർത്തന പരിധി അൻപതു മീറ്ററായി കുറച്ചു നൽകിയതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആരോപണം. ഇതു മാത്രമല്ല എല്ലാ ഖനന പ്രവർത്തനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നു .
അതേ സമയം ഈ വിധി നടപ്പിലാക്കിയാൽ കേരളത്തിലെ നിർമ്മാണമേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും കേരളത്തിൽ ക്വാറികളുടെ ദൂരപരിധി 100 മീറ്ററിൽനിന്ന് അമ്പതായി കുറച്ചത് കേന്ദ്ര മിനറൽ കൺസ്ട്രക്ഷന്റെ നിയമപ്രകാരമാണെന്നുമാണ് ക്വാറി ഉടമകളുടെ വാദം