റാന്നി : വെള്ളപ്പൊക്കത്തിനു പിന്നാലെ കോസ്‌വേകളുടെ കൈവരികൾ ഒന്നൊന്നായി പമ്പാനദി വിഴുങ്ങുന്നു. മാസങ്ങൾ പിന്നിട്ടിട്ടും അവ പുനർ നിർമിക്കുന്നില്ലെന്ന് ആക്ഷേപം. അരയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി, മുക്കം എന്നീ കോസ്‌വേകൾക്കാണ് കൈവരികളില്ലാത്തത്. 2018 ഓഗസ്റ്റിലെ മഹാപ്രളയത്തിൽ 3 കോസ്‌വേകളുടെയും കൈവരികൾ തകർന്നിരുന്നു.
വശങ്ങളിൽ സ്ഥാപിച്ചിരുന്ന സിമന്റ് തൂണുകൾ തടികൾ ഇടിച്ച് പിഴുതു പോകുകയായിരുന്നു. പ്രളയാനന്തരം അവ പുനഃസ്ഥാപിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപുണ്ടായ വെള്ളപ്പൊക്കത്തിൽ അവ വീണ്ടും തകർന്നു. ഏതാനും തൂണുകൾ കോസ്‌വേകളിൽ ഇളകി തൂങ്ങി കിടപ്പുണ്ട്. ബാക്കി വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി. അവ പുനഃസ്ഥാപിക്കുകയാണ് ആവശ്യം.