റാന്നി: വെച്ചൂച്ചിറയിൽ ഭരണത്തിലെത്താനുള്ള ശക്തമായ പോരാട്ടത്തിലാണ് യുഡിഎഫും എൽഡിഎഫും. പത്തു വാർഡുകളിൽ ത്രികോണ മത്സര പ്രതീതി ഉയർത്തി എൻഡിഎയും രംഗത്തുണ്ട്.
കഴിഞ്ഞപഞ്ചായത്ത് തെരഞ്ഞെടുപ്പോടെയാണ് പഞ്ചായത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി എൽഡിഎഫ് ഭരണത്തിലെത്തുന്നത്. അതുവരെ യുഡിഎഫിന്റെ ഉരുക്കു കോട്ടയായാണ് വെച്ചൂച്ചിറ അറിയപ്പെട്ടിരുന്നത്. കോൺഗ്രസുകാരനായ കെ.ജെ. ജോസഫ് എന്ന വെച്ചൂച്ചിറക്കാരുടെ സ്വന്തം അപ്പച്ചൻ ദീർഘകാലം പ്രസിഡന്റായിരുന്ന പഞ്ചായത്തിൽ അദ്ദേഹം തെരഞ്ഞെടുപ്പു പോരാട്ടത്തിൽ നിന്നു മാറിനിന്ന 2015 ലെ തെരഞ്ഞെടുപ്പിനുശേഷം അനിശ്ചിതത്വവും കൂട്ടിനെത്തി.
ഇരുമുന്നണികൾക്കും ഏഴു വീതം സീറ്റുകളും ഒരു സ്വതന്ത്രനും വിജയിക്കുകയായിരുന്നു. സ്വതന്ത്രാംഗത്തിന്റെ പിന്തുണയിൽ എൽഡിഎഫ് ആദ്യം ഭരണത്തിലെത്തി. മുന്നണിക്കുള്ളിലെ ചേരിതിരിവിൽ പ്രസിഡന്റ് സ്ഥാനം വീതംവെയ്പിനു പോയതോടെ ഭരണവും നഷ്ടമായി. അവസാനകാലഘട്ടം യുഡിഎഫിനു തന്നെ ഭരണം ലഭിച്ചു. 15 വാർഡുകളിലായി 46 സ്ഥാനാർഥികളാണ് ഇക്കുറി മത്സര രംഗത്തുള്ളത്. അഞ്ചുപേർ മത്സരിക്കുന്ന ചാത്തൻതറ വാർഡിലാണ് കൂടുതൽ സ്ഥാനാർഥികൾ. മൂന്നു വാർഡുകളിൽ യുഡിഎഫും എൽഡിഎഫും നേരിട്ടാണ് മത്സരം.
എന്നാൽ മറ്റ് വാർഡുകളിൽ എൻഡിഎ സ്ഥാനാർഥികളും രംഗത്തുള്ളതിനാൽ ത്രികോണ മത്സരമാണ് നടക്കുന്നത്. യുഡിഎഫിൽ 15 വാർഡുകളിലും കോണ്ഗ്രസ് സ്ഥാനാർഥികൾ തന്നെയാണ് മത്സരിക്കുന്നത്. എൽഡിഎഫിൽ സിപിഎം ഏഴ്, സിപിഐ നാല്, കേരള കോണ്ഗ്രസ് എം ജോസ് മൂന്ന്, എൻസിപി ഒന്ന് എന്നിങ്ങനെയാണ് സീറ്റു വിഭജനം നടന്നത്. പല വാർഡുകളിലും സ്വതന്ത്ര ചിഹ്നത്തിലാണ് എൽഡിഎഫ് സ്ഥാനാർഥികൾ മത്സരിക്കുന്നത്. 10 വാർഡുകളിലാണ് എൻഡിഎ മത്സരിക്കുന്നത്. ഒന്പത് വാർഡുകളിൽ ബിജെപിയും ഒരു വാർഡിൽ ബിഡിജെ എസുമാണ് മത്സര രംഗത്തുള്ളത്. മുൻ പഞ്ചായത്ത് പ്രസിഡന്റുമാരിൽ കോണ്ഗ്രസിലെ സതീഷ് കെ. പണിക്കർ ഇക്കുറി ബ്ലോക്ക് പഞ്ചായത്ത് വെച്ചൂച്ചിറ ഡിവിഷനിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർഥിയാണ്. വൈസ് പ്രസിഡന്റ് ഷാജി തോമസ് ഗ്രാമപഞ്ചായത്ത് വാർഡിൽ മത്സര രംഗത്തുണ്ട്. മുൻ വൈസ് പ്രസിഡന്റ് രമാദേവയും മത്സര രംഗത്തുണ്ട്.