റാന്നി: ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംസ്കരണ പ്ലാന്റില്ലാത്തതു കാരണം ടൗണിന്റെ പല ഭാഗത്തും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നു. മാലിന്യ സംസ്കരണ പ്ലാന്റിനുവേണ്ടി താലൂക്കാശുപത്രിയുടെ സമീപം പഞ്ചായത്തിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിനോടു ചേര്‍ന്ന് ഷെഡ് നിര്‍മിച്ചു വരുന്നതിനാല്‍ സംസ്കരണപദ്ധതി നടപ്പാകാത്തതാണ് മാലിന്യങ്ങള്‍ വഴിയോരങ്ങളിലും കെട്ടിടങ്ങളുടെ ഇടനാഴികളിലും കുമിഞ്ഞുകൂടാനുള്ള പ്രധാന കാരണം. പെരുമ്പുഴ ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്തു വക ഷോപ്പിംഗ് കോപ്ലക്സിലെ കെട്ടിടത്തിന്റെ പിന്നിലായി ഇടനാഴിയില്‍ വലിയ തോതില്‍ മാലിന്യ കൂമ്പാരം രൂപപ്പെട്ടിട്ടുണ്ട്.
ഗവണ്മെന്റ് ഐറ്റിഐ അടക്കം നിരവധി സ്ഥാപനങ്ങളും കടകളും പ്രവര്‍ത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. മഴ പെയ്തു കഴിഞ്ഞാല്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ അഴുകിയുള്ള ദുര്‍ഗന്ധം കാരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടു നേരിടുന്നതായി നാട്ടുകാര്‍ പറയുന്നു. ടൗണിലെ അടക്കം പഞ്ചായത്തിലെ ജൈവ, അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കാന്‍ പഞ്ചായത്തില്‍ ഹരിത കര്‍മസേന പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്യമായ ഫലം കാണുന്നില്ലാന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍ പഞ്ചായത്തിലെ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സ്വകാര്യ ഏജന്‍സിയെ ഏല്പിക്കുന്നുണ്ടന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.