പത്തനംതിട്ട : റെഡ് ചില്ലിസ് മുളകു കൃഷിക്കു നാളെ (16) ജില്ലയില്‍ തുടക്കമാകും. റെഡ് ചില്ലിസിന്റെ ഔദ്യോഗിക വിപണനോദ്ഘാടനം നാളെ (16) തിരുവല്ല തിരുമൂലപുരം എംഡിഎം ജൂബിലി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്തിന്റെ സാങ്കേതിക സാമ്പത്തിക സഹായത്തോടുകൂടി കുടുംബശ്രീ മിഷന്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് പത്തനംതിട്ട റെഡ് ചില്ലിസ്. ജില്ലയിലെ 25 പഞ്ചായത്തുകളിലെ കുടുംബശ്രി ജെ എല്‍ ജി അംഗങ്ങള്‍ രാസകീടനാശിനി രഹിതമായി അത്യുല്പാദന ശേഷിയുള്ള ഹൈബ്രിഡ് ഇനം കാശ്മീരി മുളക് കൃഷി ചെയ്യുന്ന പദ്ധതിയാണിത്.
ജില്ലയില്‍ 25 പഞ്ചായത്തുകളാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. ഉല്‍പ്പാദിപ്പിക്കുന്ന മുളക് കുടുംബശ്രീയുടെ പ്രൊഡ്യൂസര്‍ ഗ്രൂപ്പ് വഴി ശേഖരിച്ച് ഗുണമേന്മയുള്ള മായം ഇല്ലാത്ത മുളകുപൊടിയാക്കി വിപണിയില്‍ എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പ്രൊഡ്യൂസര്‍ ഗ്രൂപ്പിന് ആവശ്യമായിട്ടുള്ള മിഷനറിയും മറ്റു സഹായങ്ങളും കുടുംബശ്രീ മിഷനില്‍ നിന്ന് ലഭ്യമാകും. കര്‍ഷകര്‍ക്ക് ആവശ്യമായ ഉത്പാദന ഉപാധികള്‍ ജില്ലാ പഞ്ചായത്താണ് നല്‍കുന്നത്. കാര്‍ഷിക സര്‍വകലാശാലയുടെ കണ്ടെത്തല്‍ അനുസരിച്ച് പച്ചക്കറികളിലെ അവശിഷ്ട കീടനാശിനിയുടെ അളവ് 32.31 ശതമാനമാണ്. ഇതിനൊരു പ്രതിവിധിയായിട്ടാണ് കുടുംബശ്രീ ജില്ലാമിഷനും ജില്ലാ പഞ്ചായത്തും സംയുക്തമായി പദ്ധതി നടപ്പിലാക്കുന്നത്.
രാസകീടനാശിനി രഹിത മുളക് ജെ.എല്‍.ജി ഗ്രൂപ്പുകള്‍ വഴി കൃഷിചെയ്യും. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍ വഴി മികച്ച വിലയ്ക്ക് മുളക് വാങ്ങി ഉണക്കി പൊടിച്ച് പത്തനംതിട്ട റെഡ് ചില്ലിസ് എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കും. ജില്ലയിലൂടനീളം 25 പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് കൃഷി നടന്നുവരുന്നത്. വനിതകള്‍ക്ക് കൃഷിയിലൂടെ മികച്ച വരുമാനം ലഭ്യമാക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. ഉത്പാദനോപാധികളും മൂല്യ വര്‍ദ്ധനവിനുള്ള സാമ്പത്തിക പിന്തുണയും ജില്ലാ പഞ്ചായത്ത് ഉറപ്പാക്കി 15 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി മാറ്റി വച്ചിരിക്കുന്നത്. മികച്ച വരുമാനം ലഭിക്കുന്നതിന് വേണ്ടി അത്യുല്‍പ്പാദനശേഷിയുള്ള ഹൈബ്രിഡ് ഇനങ്ങളായ സെര്‍പന്ത്, ആര്‍മര്‍ എന്നീ മുളക് വിത്തുകളാണ് നടീലിനായി ഉപയോഗിച്ചിരിക്കുന്നത്.