പത്തനംതിട്ട : സീതത്തോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് നേരെ അക്രമണം. സീതത്തോട് മാമൂട്ടിൽ ജയിംസിന്റെ മകൻ ജയ് മോനെ(32) യാണ് ഹെൽമെറ്റ് ധരിച്ച് മൂന്നു ബൈക്കുകളിലായി എത്തിയ സംഘം അക്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി വാലുപാറയിൽ വെച്ചായിരുന്നു അക്രമണം. ജയ് മോൻ സഞ്ചരിച്ചിരുന്ന സ്ക്കൂട്ടർ തടഞ്ഞു നിർത്തി ഹെൽമെറ്റും മാസ്കും ധരിച്ച ആറ് പേർ അക്രമിക്കുകയായിരുന്നു. പരിക്കേറ്റ ജയ് മോനെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ജയ് മോൻ മടങ്ങി വീട്ടിലേക്ക് മടങ്ങി. മുൻ സി.പി.ഐ(എം) പ്രവർത്തകനായിരുന്നു ജയ് മോൻ.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് ജയ് മോൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. മത്സര രംഗത്തുനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ജയ്മോന് നിരവധി ഫോണ്‍ കോളുകൾ വന്നിരുന്നു. ഇതിനു ശേഷമാണ് ജയ്മോന് നേരെ ആക്രമണം ഉണ്ടായത്. ജയ് മോന്റെ നേരെയുള്ള ആക്രമണത്തിന് പിന്നിൽ സി പി ഐ (എം) പ്രവർത്തകരാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ മൂഴിയാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.