പത്തനംതിട്ട: നാടിനെ കീറിമുറിച്ച് ആയിരകണക്കിനാളുകളെ ദുരിതത്തിലാഴ്ത്തിക്കൊണ്ടുള്ള ഹൈ സ്പീഡ് റെയില്‍പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സാംസ്കാരിക പൈതൃക സംരക്ഷണ സമിതി അനിശ്ചിതകാല സത്യാഗ്രഹസമരം നാളെ ഇരവിപേരൂരില്‍ ആരംഭിക്കും.
പദ്ധതിമൂലം ദുരിതത്തിലാകുന്ന മുഴുവന്‍ ആളുകളെയും അണിനിരത്തിക്കൊണ്ടാകും സമരപരിപാടിയെന്ന് ഭാരവാഹികള്‍ പറഞ്ഞു. കണ്‍സള്‍ട്ടന്‍സി ഇടപാടുകള്‍ വിവാദത്തിലാകുകയും ദുരൂഹത നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ പദ്ധതി പ്രാഥമികഘട്ടത്തില്‍ തന്നെ ഉപേക്ഷിക്കേണ്ടതാണ്. നാളെ രാവിലെ 9.30ന് കൊടിക്കുന്നില്‍ സുരേഷ് എംപി സമരപരിപാടി ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി അധ്യക്ഷത വഹിക്കും.
അതീവരഹസ്യമായി നടപ്പിലാക്കുന്ന കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരോ പരിസ്ഥിതി മന്ത്രാലയമോ അനുമതി കൊടുത്തിട്ടില്ല. പലസ്ഥലങ്ങളിലും യാതൊരു മുന്നറിയിപ്പുമില്ലാതെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ സര്‍വേകല്ലുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ആയിരക്കണക്കിനാളുകളുടെ വീടും ആരാധനാലയങ്ങളും നഷ്ടമാകുന്ന ഈ പദ്ധതി ഉപേക്ഷിച്ചു സബര്‍ബന്‍ മാതൃക സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ലക്ഷങ്ങളെ കുടിയൊഴിപ്പിക്കുന്നതും പരിസ്ഥിതിയെ നശിപ്പിക്കുന്നതുമായ ഈ പദ്ധതി ഉപേക്ഷിക്കുന്നതുവരെ സമരം തുടരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.