പത്തനംതിട്ട : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി മുനിസിപ്പൽ ചെയർമാൻ അഡ്വ റ്റി.സക്കീർ ഹുസൈൻ ഹരിത പദവി പ്രഖ്യാപനം നടത്തി. ഹരിത നഗരം എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവട് കൂടി വെയ്ക്കുകയാണ്. ഉറവിട മാലിന്യ സംസ്കരണത്തിൽ നഗരത്തിലെ മുഴുവൻ ജനങ്ങളും കൈകോർക്കുകയും ജീവിത സംസ്കാരമായി സ്വീകരിക്കുകയും ചെയ്താൽ മാത്രമേ ലക്ഷ്യം പൂർണമായി നേടാൻ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ടികെ റോഡിൽ ജനറൽ ആശുപത്രി മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള ഭാഗം ഹരിത വീഥിയായും ടൗൺ സ്ക്വയർ ഭാഗം ഹരിത ടൗണായും പ്രഖ്യാപിച്ചു. ഹരിത വിദ്യാലയ പദവി നേടിയ 21 സ്കൂളുകൾക്കും 33 അങ്കണവാടികൾക്കും ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ സംയുക്തമായി നടത്തിയ പരിശോധനയുടെ ഭാഗമായി ആണ് ഹരിത വിദ്യാലയം, ഹരിത അങ്കണവാടികളെ തിരഞ്ഞെടുത്തത്. നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി, കൗൺസിലർ വിമല ശിവൻ, സെക്രട്ടറി മുംതാസ് എ എം, ക്ലീൻ സിറ്റി മാനേജർ വിനോദ് എം പി, ഹരിത കേരള മിഷൻ ആർപി ഗോകുൽ, ശുചിത്വ മിഷൻ പ്രൊഫഷണൽ ഋതുപർണ, ഐസിഡിഎസ്, അങ്കണവാടി ജീവനക്കാർ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകർ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.