പത്തനംതിട്ട: ഓമല്ലൂര്‍ തറയിൽ ഫിനാൻസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തുവകകള്‍ കണ്ടു കെട്ടാൻ കോമ്പിറ്റന്റ് അതോറിറ്റി ഉത്തരവിട്ടു. സ്ഥാപന ഉടമ സജി സാം, ഭാര്യ റാണി സജി എന്നിവരുടെ പേരിലുള്ള സ്വത്തുക്കള്‍ BUDS Act (Banning of Unregulated Deposit Scheme Act) പ്രകാരം കണ്ടുകെട്ടാന്‍ കോമ്പിറ്റന്റ് അതോറിറ്റി ബിശ്വനാഥ് സിൻഹയാണ് ഉത്തരവിട്ടത്. പത്തനംതിട്ട ജില്ലയില്‍ ആകെ 286 കേസുകള്‍ ഉള്ളതില്‍ 244 കേസുകള്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനിലും 42 കേസുകള്‍ അടൂര്‍ പോലീസ് സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇരുപത്തി ഒന്‍പതര കോടിയുടെ (29,50,63,990) നിക്ഷേപ തട്ടിപ്പാണ് നടന്നത്.
പത്തനംതിട്ട ഓമല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചു വന്നതാണ് തറയില്‍ ഫിനാന്‍സ്. സജി സാമിന്റെയും ഭാര്യ റാണി സജിയുടെയും കൂട്ടുത്തരവാദിത്വത്തിലാണ് സ്ഥാപനം നടത്തിയിരുന്നത്. പത്തനാപുരം, അടൂര്‍, പത്തനംതിട്ട, ഓമല്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചു വന്നിരുന്നത്. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യവും വിശ്വാസ്യതയും തറയില്‍ ഫിനാന്‍സിന് ഉണ്ടായിരുന്നു. സ്വര്‍ണ്ണ പണയ ഇടപാടുകള്‍ക്ക് മാത്രമാണ് അനുമതി ഉണ്ടായിരുന്നത്, എങ്കിലും നിരവധി പേരുടെ കയ്യില്‍നിന്നും നിക്ഷേപങ്ങള്‍ സ്വീകരിച്ചു. പലിശ മുടങ്ങാതെ കൃത്യമായി നല്‍കുകയും ചെയ്തിരുന്നു. ഭാര്യയുടെ പേരില്‍ ഓമല്ലൂരില്‍ ഒരു പെട്രോള്‍ പമ്പും ഉണ്ടായിരുന്നു.
കൃത്യമായി കിട്ടിയിരുന്ന പലിശ 2021 ഫെബ്രുവരി മാസത്തിൽ മുടങ്ങിയതോടെയാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്. പലിശ മുടങ്ങിയതോടെ 10 ലക്ഷം നിക്ഷേപിച്ച ഒരാൾ പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ സമര്‍പ്പിച്ചതാണ് ആദ്യ പരാതി. ഈ പരാതിയെ തുടർന്ന് പോലീസ് നിക്ഷേപകനെയും തറയിൽ ഫിനാൻസ് ഉടമ സജി സാമിനേയും നേരിട്ട് വിളിച്ച് നടത്തിയ ചർച്ചയിൽ ഏപ്രിൽ മാസം 30 ന് പണം തിരികെ നൽകാമെന്ന വ്യവസ്ഥയിൽ കേസെടുത്തില്ല. പക്ഷെ പറഞ്ഞ അവധിയിൽ ഫിനാൻസ് ഉടമയ്ക്ക് പണം നൽകാൻ കഴിഞ്ഞില്ല. പിന്നീട് പല തവണയായി പണം പിൻവലിക്കാൻ എത്തിയവർ കണ്ടത് അടഞ്ഞു കിടക്കുന്ന ശാഖകളാണ്. ഇതോടെയാണ് കൂടുതൽ പരാതികളെത്തിയത്.
തറയില്‍ ഫിനാന്‍സ് മനപൂര്‍വ്വം തകര്‍ത്തതെന്ന് കരുതാന്‍ കഴിയില്ല. കാരണം സജി സാമിന്റെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമാണ് കൂടുതല്‍ നിക്ഷേപങ്ങളും. പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയിയുമായി വളരെ അടുത്തബന്ധം തറയില്‍ ഫിനാന്‍സ് ഉടമ സജിക്ക് ഉണ്ടായിരുന്നു. തറയില്‍ ഫിനാന്‍സില്‍ നിക്ഷേപമായി ലഭിച്ച ഇരുപത് കോടിയോളം രൂപ പോപ്പുലര്‍ ഫിനാന്‍സില്‍ സജി സാം നിക്ഷേപിച്ചിരുന്നു എന്നാണ് വിവരം. 12 ശതമാനം പലിശയ്ക്ക് തറയില്‍ ഫിനാന്‍സ് സ്വീകരിച്ച നിക്ഷേപമാണ് 17 ശതമാനം പലിശയ്ക്ക് സജി പോപ്പുലറില്‍ നിക്ഷേപിച്ചത്. അഞ്ചു ശതമാനം പലിശയാണ് ഈയിനത്തില്‍ ലാഭമായി കിട്ടിയിരുന്നത്. ഇതുകൊണ്ടാണ് തറയില്‍ ഫിനാന്‍സിലെ നിക്ഷേപകര്‍ക്ക് പലിശ കൃത്യമായി നല്‍കിയിരുന്നത്. പോപ്പുലറിന്റെ തകര്‍ച്ചയോടെ തന്റെ നിക്ഷേപകര്‍ക്ക് പലിശ നല്‍കാന്‍ സജി ഏറെ ബുദ്ധിമുട്ടി. മറ്റു മാര്‍ഗങ്ങളില്‍ പണം കണ്ടെത്തി ഏഴു മാസം കൂടി സജി നിക്ഷേപകര്‍ക്ക് പലിശ നല്‍കിയിരുന്നു. ഒരു നിവൃത്തിയും ഇല്ലാതെ വന്നതോടെയാണ് പലിശയും മുതലും കൊടുക്കാന്‍ കഴിയാതെ തറയില്‍ ഫിനാന്‍സ് ഉടമ സജി മുങ്ങിയത്.
സ്ഥാപനത്തിന്റെ ആസ്ഥാനം പ്രവർത്തിച്ചിരുന്ന ഓമല്ലൂരിലെ കെട്ടിടം സജിയുടെ സഹോദരങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ്. മറ്റ് മൂന്ന് ശാഖകൾ വാടക കെട്ടിടത്തിലാണ്. നിക്ഷേകരിൽ നിന്നായി സമാഹരിച്ച പണം ആഡംബര ജീവിതത്തിന് ചെലവിട്ടെന്നും സൂചനയുണ്ട്. ബിഎംഡബ്ലു അടക്കം നാല് വാഹനങ്ങളാണ് സജിയുടെ പേരിലുണ്ടായിരുന്നത്. പോളണ്ടിൽ മകളെ എംബിബിഎസ് പഠനത്തിന് ചേർത്തതും ലക്ഷങ്ങൾ മുടക്കിയാണ്.