പത്തനംതിട്ട : ശബരിമല തിരുവവാഭരണ പാതയിൽ അധികൃതരുടെ ഒത്താശയോടുകൂടി വീണ്ടും വ്യാപകമായി കൈയ്യേറ്റം നടത്തുകയാണെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ആരോപിച്ചു.
പന്തളം മുതൽ ളാഹ വരെ ജനവാസ കേന്ദ്രത്തില്‍ക്കൂടിയാണ് തിരുവാഭരണ പാത കടന്ന് പോകുന്നത്. 43 കിലോമീറ്റർ ദൂരമാണ് ളാഹ വരെയുള്ളത്. ഇത്രയും ദൂരത്തുതന്നെ 485 കൈയ്യേറ്റങ്ങള്‍ ഇപ്പോഴുണ്ട്. സ്വയമായി കൈയ്യേറ്റങ്ങൾ ഒഴിഞ്ഞുകൊള്ളാം എന്ന് അടൂർ, തിരുവല്ല ആർ ഡി ഒ മാരുടെ ഓഫീസിൽ എത്തി സ്വന്തം കൈപ്പടയിൽ എഴുതി നൽകിയവരാണ് 90% പേരും. എന്നാൽ എഴുതി നൽകിയവരിൽ രണ്ട് പേര്‍ മാത്രമാണ് ഭാഗീകമായെങ്കിലും ഒഴിഞ്ഞിട്ടുള്ളത്. ബാക്കിയുള്ളവർ ഇപ്പോഴും കയ്യേറിയ ഭൂമി വെച്ചനുഭവിച്ചു വരികയാണ്.
ജില്ലാ ഭരണകൂടം പറയുന്നത് 90% കൈയ്യേറ്റ ഭൂമിയും ഒഴിപ്പിച്ചുവെന്നാണ്. എന്നാല്‍ ഇത് കളവാണെന്നും 10% കയ്യേറ്റഭൂമി പോലും ഒഴിപ്പിച്ചിട്ടില്ലന്നും തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. ഇപ്പോൾ റാന്നി, കോഴഞ്ചേരി വില്ലേജുകളിൽ വീണ്ടും കയ്യേറ്റം നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിനും തഹസിൽദാർമാർക്കും പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കോഴഞ്ചേരിയിൽ വ്യാപകമായി കൈയ്യേറ്റം നടക്കുന്നു. കൈയ്യേറ്റ സ്ഥലം ഒരു സമുദായ സംഘടന പണം കൊടുത്തു വാങ്ങി ഓഫീസിന്റെ ബോർഡും സ്ഥാപിച്ചു. നിയമം ഉണ്ടായിട്ടും നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. ഇതിനെത്തുടര്‍ന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തിരുവാഭരണ പാതയിൽ 485 കൈയ്യേറ്റക്കാരുള്ളതില്‍ സമുദായ സംഘടനകളും, ക്ഷേത്രങ്ങളും, പള്ളിയും, വീടുകളും, കടകളും ഉൾപ്പെടുന്നു. അഞ്ച് മീറ്റർ മുതൽ 45 മീറ്റർ വരെ വീതിയിലാണ് തിരുവാഭരണ പാത ഇപ്പോൾ കല്ലിട്ടുകൊണ്ട് പുറമ്പോക്കാക്കിയിട്ടുള്ളത്. റാന്നി വില്ലേജിൽ ബ്ലോക്ക് ഓഫീസിന്റെ സമീപം റാന്നി രാമപുരം ദേവസ്വം ബോഡ് ക്ഷേത്രത്തിന് തിരികെ കിട്ടിയ രണ്ടേക്കർ ഭൂമി ദേവസ്വം ബോർഡ് കരം അടച്ചിട്ടും വേലികെട്ടി കൈവശമാക്കാത്തതുകാരണം ഒഴിപ്പിച്ച കൈയ്യേറ്റക്കാരൻ തന്നെ റബർ ടാപ്പിങ് അനധികൃതമായ നടത്തി വീണ്ടും കൈയ്യറി. ദേവസ്വം ഉദ്യോഗസ്ഥൻ റാന്നി പോലീസിൽ പരാതി നൽകിയിട്ടും ഇതുവരെ ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കുവാന്‍ പോലീസിനും ദേവസ്വം ബോർഡിനും കഴിഞ്ഞിട്ടില്ല.
കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ ഇനിയും വിമുഖത കാണിച്ചാല്‍ തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ നേത്രുത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.
യോഗത്തിൽ പ്രസിഡന്റ് പി.ജി ശശികുമാര വർമ്മ അധ്യക്ഷത വഹിച്ചു. ജനറൻ സെക്രട്ടറി പ്രസാദ് കുഴിക്കാല, വർക്കിങ് പ്രസിഡന്റ് വി.കെ രാജഗോപാൽ, കെ.ആർ രവി, എം ആർ അനിൽ കുമാർ, പൃഥിപാൽ, സുധാകരൻ പിള്ള, മധുസുധനൻനായർ, സന്തോഷ് കുറിയാനിപ്പള്ളി, മനോജ് കൊഴഞ്ചേരി, എന്നിവർ പങ്കെടുത്തു.