പത്തനംതിട്ട: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ രാത്രികാല പരിശോധനയിൽ നഗരസഭാ പരിധിയിൽ മാലിന്യം തള്ളിയവരെ പിടികൂടി. വാഹനങ്ങളിൽ മാലിന്യം നിക്ഷേപിക്കാനെത്തിയവർക്കെതിരെ തുടർ നടപടി സ്വീകരിക്കുന്നതിനായി വാഹന നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറി. മാലിന്യങ്ങൾ നിക്ഷേപിക്കാനെത്തിയ സ്ഥാപനങ്ങൾക്കെതിരെയും വ്യക്തികൾക്കെതിരെ പിഴ ഈടാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. മാലിന്യം തള്ളുന്ന സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദു ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
ജൈവമാലിന്യങ്ങൾ തുമ്പൂര്‍മൂഴി എയറോബിക് പ്ലാന്റുകളിൽ എത്തിക്കാവുന്നതും നഗരസഭ ഏർപ്പെടുത്തിയിരിക്കുന്ന ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങളായ ബയോബിൻ, റിംഗ്കമ്പോസ്റ്റ് എന്നിവ ജൈവമാലിന്യ സംസ്കരണത്തിനായി ഉപയോഗിക്കാവുന്നതുമാണ്. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ക്ലീൻ കേരള കമ്പനി, ഹരിതസഹായ സ്ഥാപനം, നഗരസഭ എന്നിവയുടെ മേൽനോട്ടത്തിൽ ഹരിതകർമസേനയുടെ സേവനം ഉപയോഗിക്കാവുന്നതാണ്. രാത്രികാല പരിശോധനക്ക് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ബിനു ജോർജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപുമോൻ എന്നിവർ നേതൃത്വം നല്കി.
വരും ദിവസങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം, പോലീസ്, ആർടിഒ, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തിൽ പരിശോധന കൂടുതൽ ഊർജിതപ്പെടുത്തുകയും കുറ്റക്കാർക്കെതിരെ മുനിസിപ്പൽ ആക്ട്, ഖരമാലിന്യ പരിപാലന നിയമം 2016 തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രോസിക്യൂഷൻ ഉൾപ്പെടെയുളള കർശന നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സണ്‍ റോസ്ലിൻ സന്തോഷ് അറിയിച്ചു.