റാന്നി: ഇന്നലെ രാത്രി കീക്കൊഴൂര്‍ മലര്‍വാടിയില്‍ യുവതിയെ വീട്ടില്‍ കടന്നു കയറി വെട്ടിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട രജിത മോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രതിയായ അതുലിനൊപ്പമാണ് താമസിക്കുന്നത്. ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് രജിത അതുലിനൊപ്പം ജീവിക്കാന്‍ തുടങ്ങിയത്. ഇവര്‍ നിയമപരമായി വിവാഹിതരായിരുന്നില്ലെന്നും പോലീസ് പറയുന്നു. ആദ്യ ഭര്‍ത്താവ് ജോലിക്കായി ഗള്‍ഫില്‍ പോയ സമയത്താണ് രജിത അതുലുമായി അടുക്കുന്നത്. പിന്നീട് ഭര്‍ത്താവിനെ ഉപേക്ഷിച്ച് അതുലിനൊപ്പം താമസം തുടങ്ങി. ഇതിനിടെ രജിതയും വിദേശത്തേക്ക് പോയി. എന്നാല്‍ അതുലിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചെത്തി. സമീപകാലത്ത് ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീണു.
റാന്നി ബ്ലോക്കുപടി വടക്കേടത്ത് സത്യന്റെ മകന്‍ അതുല്‍ സത്യന്‍(29) ആണ് പോലീസ് പിടിയിലായത്. ഉതിമൂട് ഡിപ്പോപടിക്കു സമീപം തട്ടേക്കാടു നിന്നാണ് പ്രതി പിടിയിലായത്. വെട്ടി പരിക്കേല്‍പ്പിക്കുന്നതിനിടയല്‍ പരിക്കേറ്റ ഇയാളെ പോലീസ് കാവലില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകം അടക്കം നിരവധി കേസിലെ പ്രതിയാണ് ഇയാള്‍. പിതാവിന്റെ സഹോദരന്‍ രണ്ട് കുട്ടികളുടെ തലയറുത്തുകൊന്ന സംഭവം നടന്ന കീക്കൊഴൂര്‍ മലര്‍വാടിക്ക് സമീപത്തുള്ള വീട്ടിലാണ് ഈ അരുംകൊലയും നടന്നത്.