പത്തനംതിട്ട ∙ കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്ന പത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്ത് മാലിന്യം കൂട്ടിയിട്ടു കത്തിക്കുന്നെന്ന് പരാതി. ആശുപത്രി മാലിന്യങ്ങളായ കൈയുറകൾ, മാസ്കുകൾ, പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനും ഫാർമസി കെട്ടിടത്തിനും പിറകിൽ ആംബുലൻസുകൾ നിർത്തിയിടുന്നതിനു സമീപമാണ് കൂട്ടിയിട്ടു കത്തിക്കുന്നത്.
ഉപേക്ഷിക്കപ്പെട്ട ആംബുലൻസിന്റെ മറവുള്ളതിനാൽ മാലിന്യം കൂട്ടിയിടുന്നത് ആരും ശ്രദ്ധിക്കില്ല. വാഹനങ്ങൾക്ക് കടന്നു ചെല്ലാൻ കഴിയാത്ത വിധം പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്ക് ഇടയിലാണ് ഇവ കൂട്ടി ഇടുന്നത്. രണ്ടും മൂന്നും ദിവസം കൂടുമ്പോൾ രാത്രിയിൽ ഇതിനു തീ കൊളുത്തും. ഉയർന്നു പൊങ്ങുന്ന പുക ശ്വസിക്കേണ്ട അവസ്ഥയിലാണ് സമീപവാസികളും ആശുപത്രിയിലെ രോഗികളും.
രാത്രി 9 മണിയോടെ തീ കൊടുക്കുന്ന മാലിന്യക്കൂന നേരം വെളുക്കുന്നതു വരെ പുകഞ്ഞു കത്തുകയാണ്. തൊട്ടടുത്താണ് കോവിഡ് വാർഡ് പ്രവർത്തിക്കുന്ന കെട്ടിടം. തീവ്രപരിചരണം വേണ്ടവരും 25ൽ പരം ഗർഭിണികളും ഉൾപ്പെടെ 200ൽ പരം കോവിഡ് ബാധിതരാണ് ഈ വാർഡിൽ ഉള്ളത്. അവർക്കും ശ്വാസതടസം ഉൾപ്പെടെയുള്ള പ്രയാസം സൃഷ്ടിക്കുകയാണ് മാലിന്യ പുക. കോവിഡ് ആശുപത്രിയാക്കിയതോടെ കാത്ത് ലാബും അത്യാഹിത വിഭാഗവും ഒഴികെ ബാക്കിയെല്ലാ ചികിത്സാ വിഭാഗവും പ്രവർത്തനം അവസാനിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ എത്തുന്ന മറ്റു രോഗികളെ അടൂർ, കോഴഞ്ചേരി എന്നിവിടങ്ങളിലേക്ക് അയയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.