പത്തനംതിട്ട : പ്രാഥമിക സർവ്വീസ് സഹകരണ സംഘങ്ങൾ മുഖേന ഓണച്ചന്തകൾ അനുവദിക്കുന്നതിൽ കൺസ്യൂമർ ഫെഡ് രാഷ്ട്രീയ താല്പ്പര്യം കാട്ടുന്നതായി ആക്ഷേപം. അഞ്ചു ലക്ഷം രൂപ മുൻകൂറായി കൺസ്യൂമർ ഫെഡിൽ നിക്ഷേപിച്ചാൽ മാത്രമേ ഓണച്ചന്തകൾ നടത്താനുള്ള അരി ഉൾപ്പെടെയുള്ള പലചരക്ക്, പലവ്യഞ്ജന സാധനങ്ങൾ സംഘങ്ങൾക്കു സബ്സിഡി നിരക്കിൽ നൽകുയുള്ളൂവെന്ന നിലപാടാണ് സഹകരണ വകുപ്പും കൺസ്യൂമർഫെഡും സ്വീകരിച്ചിരിക്കുന്നത്. എന്നാൽ എൽഡിഎഫ് ഭരിക്കുന്ന സംഘങ്ങൾക്ക് ഇത ബാധകമല്ല എന്നതാണ് ഏറെ കൗതുകമായിരിക്കുന്നതെന്ന് സഹകരണ സംഘം പ്രസിഡന്റുമാർ കുറ്റപ്പെടുത്തി.
മുൻകാലങ്ങളിൽ ഇത്തരം നിബന്ധനകൾ ഉണ്ടായിരുന്നില്ല. സംഘങ്ങളുടെ കഴിവനുസരിച്ച് 50,000 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ അടയ്ക്കുന്ന സംഘങ്ങൾക്ക് ചന്ത അനുവദിക്കുമായിരുന്നെന്നും കേരള കോൺഗ്രസ് – എം ജോസഫ് വിഭാഗം സംസ്ഥാന നേതാവും പുല്ലാട് 1375–ാം നമ്പർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ജോർജ് കുന്നപ്പുഴ പറഞ്ഞു. വർഷങ്ങളായി ഓണച്ചന്ത നടത്തിവന്ന തങ്ങളുടെ സംഘത്തിന് ഇക്കുറി ചന്തയില്ല. മുൻ വർഷത്തെപ്പോലെ ഈ സീസണിലും ഒരു ലക്ഷം രൂപ മുൻകൂർ അടച്ചിരുന്നെങ്കിലും നാലു ലക്ഷം രൂപ കൂടി അടച്ചില്ലെങ്കിൽ ചന്ത നൽകാൻ കഴിയില്ലെന്നാണ് സഹകരണ വകുപ്പും കൺസ്യൂമർഫെഡും അറിയിച്ചതെന്നും കുന്നപ്പുഴ പറഞ്ഞു.
എൽഡിഎഫ് ഭരിക്കുന്ന സംഘങ്ങൾക്ക് ആദ്യം പരിഗണന നൽകിയതിനതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വേണ്ടി വന്നാൽ സംഘത്തിന്റെ തുക മുടക്കി ചന്ത തുറക്കുമെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്തതിനെ തുടർന്നാണ് തന്റെ സംഘത്തിന് ചന്ത അനുവദിച്ചതെന്ന് പുല്ലാട് 195–ാം നമ്പർ സംഘം പ്രസിഡന്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല പറഞ്ഞു.
എന്നിട്ടും അഞ്ചു ലക്ഷം രൂപ അടച്ചതിനു ശേഷമാണ് കൺസ്യൂമർ ഫെഡ് ലോഡ് കയറ്റി അയച്ചതെന്നു അദ്ദേഹം പറഞ്ഞു. ഓണച്ചന്ത നടത്തുന്നതിലൂടെ സംഘങ്ങൾക്ക് ലാഭമൊന്നും ലഭിക്കാറില്ലെന്നും സേവനം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്നും സംഘം പ്രസിഡന്റുമാർ പറഞ്ഞു. മൂലധനം കുറവായ സംഘങ്ങൾക്ക് കൺസ്യൂമർ ഫെഡിന്റെ പുതിയ നിബന്ധന ഓണച്ചന്ത തുടങ്ങുന്നതിന് തടസമായിരിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തി.