തിരുവനന്തപുരം : രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ കേസ് നല്‍കി രോഗിയുടെ കുടുംബം. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയിലാണ് കുടുംബം കേസ് കൊടുത്തിരിക്കുന്നത്. നഷ്ടപരിഹാരമായി 84 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കുടുംബത്തിന് അത്താണിയാകേണ്ട ഒരാളെ കിടപ്പുരോഗിയാക്കി, മികച്ച ചികിത്സയും പരിചരണവും രോഗിയുടെ ആരോഗ്യസ്ഥിതി മോശമായിട്ടും നിഷേധിച്ചു തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍, കോവിഡ് നോഡല്‍ ഓഫീസറായിരുന്ന ഡോ.അരുണ, ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മദ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
കഴുത്തിന് താഴേയ്ക്ക് തളര്‍ന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനെയാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 21 ന് പണി കഴിഞ്ഞ് മടങ്ങിവരും വഴി തെന്നി വീണ് അനില്‍കുമാറിന് പരുക്കേറ്റിരുന്നു. ശരീരത്തില്‍ തളര്‍ച്ച ബാധിച്ചിരുന്ന അനില്‍കുമാറിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളോട് ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെട്ടു. 26ന് അനില്‍കുമാറിന് കൊവിഡ് നെഗറ്റീവായി. തുടര്‍ന്ന് വീട്ടില്‍ എത്തിച്ചപ്പോഴാണ് ശരീരമാസകലം പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പേരൂര്‍ക്കര സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയിലൂടെയാണ് അനില്‍കുമാര്‍ ആരോഗ്യം വീണ്ടെടുത്തത്.