പാറ്റ്‌ന; റെയില്‍വേ സ്റ്റേഷനിലെ അശ്ലീല വിഡിയോ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് നടപടിയുമായി അധികൃതര്‍. റെയില്‍വേ സ്റ്റേഷനിലെ ടെലിവിഷന്‍ സംപ്രേഷണത്തിന്റെ കരാര്‍ ഏറ്റെടുത്ത കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കിയതായി ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ വക്താവ് ബിരേന്ദ്ര കുമാര്‍ പറഞ്ഞു. ഇവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്തു എന്നും അദ്ദേഹം അറിയിച്ചു. കൊല്‍ക്കത്ത ആസ്ഥാനമായ ദത്ത സ്റ്റുഡിയോ ആണ് ഈ കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനി.
ഞായറാഴ്ച രാവിലെയാണ് പാറ്റ്‌ന റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ടി വി സ്‌ക്രീനുകളില്‍ അശ്ലീല സിനിമയിലെ ദൃശ്യങ്ങള്‍ പ്ലേ ചെയ്തത്. പരസ്യചിത്രമാണെന്നാണ് തുടക്കത്തില്‍ യാത്രക്കാര്‍ വിചാരിച്ചിരുന്നതെങ്കിലും ടി വി സ്‌ക്രീനില്‍ പ്ലേ ആയിരിക്കുന്നത് അഡള്‍ട്ട് സിനിമയിലെ രംഗങ്ങളാണെന്ന് മനസിലായതോടെ യാത്രക്കാര്‍ പലരും വല്ലാതെ അസ്വസ്ഥരാകുകയായിരുന്നു. ചില യാത്രക്കാര്‍ ഇക്കാര്യം പാറ്റ്‌ന റെയില്‍വേ സ്റ്റേഷന്‍ അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ സംപ്രേഷണം നിര്‍ത്തുകയും ചെയ്തു.