പട്ടാമ്പി : അഞ്ചര വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച പ്രതിയെ പട്ടാമ്പി പോക്‌സോ കോടതി 46 വര്‍ഷം മൂന്നുമാസം കഠിനതടവിന് ശിക്ഷിച്ചു. പ്രതി കോങ്ങാട് പച്ചേനി ലക്ഷംവീട് കോളനിയിലെ അയൂബ് 275000 രൂപ പിഴയും അടയ്ക്കണം. പിഴ തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. പിഴ തുക നല്‍കിയില്ലെങ്കില്‍ 2.5 വര്‍ഷം ശിക്ഷ അധികം അനുഭവിക്കണം. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
കോങ്ങാട് സ്വദേശിയായ പെണ്‍കുട്ടിയെ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി എടുത്തുകൊണ്ടുപോയി സമീപത്തെ പറമ്പില്‍വെച്ചാണ് പീഡിപ്പിച്ചത്. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കുട്ടിക്ക് അതിജീവനാംശം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോങ്ങാട് സബ് ഇന്‍സ്‌പെക്ടര്‍ സത്യന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി.ആര്‍ സരിഷ്, കെ.സി വിനു എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രൊസീക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി. കേസില്‍ 16 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകള്‍ ഹാജരാക്കി.