കോന്നി : മലയാലപ്പുഴയുടെ പാട്ടമ്മയ്ക്ക് (എം കെ സൗദാമിനിയമ്മ 101) ഔദ്യോഗിക ബഹുമതികളോടെ നാട് വിട നൽകി. അഞ്ചു തലമുറയെ പാട്ടു പഠിപ്പിച്ച മലയാലപ്പുഴക്കാരുടെ സ്വന്തമാണ് പാട്ടമ്മ. ഭർത്താവ് പ്രശസ്തനായ കാഥികൻ കെ കെ വാദ്ധ്യാരുടെ ഹാർമ്മോണിസ്റ്റും പിൻപാട്ടുകാരിയുമായിരുന്നു. കെ കെ വാദ്ധ്യാരോടൊപ്പം നിരവധി വേദികളിൽ പരിപാടി അവതരിപ്പിച്ചു.
സ്ത്രീകള്‍ വേദിയില്‍ എത്തുന്നത് അത്യപൂര്‍വമായ കാലഘട്ടത്തില്‍ ഹാര്‍മോണിയം വായിച്ചും പാട്ടുപാടിയും പിന്നീട് കഥാപ്രസംഗത്തിലൂടെയും പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ കലാകാരി ആയിരുന്നു മലയാലപ്പുഴ സൗദാമിനി. അക്കാലത്തെ ജനകീയ കഥാപ്രാസംഗികന്‍ ആയിരുന്ന കെ.കെ വാധ്യാരുടെ ട്രൂപ്പിലൂടെ അരങ്ങില്‍ സജീവമായ അവര്‍ പിന്നീട് അദ്ദേഹത്തിന്റെ ജീവിതസഖിയുമായി. പില്‍ക്കാലത്ത് വേദികള്‍ കീഴടക്കിയ ഒട്ടനവധി വനിതാപ്രതിഭകള്‍ക്ക് മലയാലപ്പുഴ സൗദാമിനി പ്രചോദനം ആയിരുന്നു. കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ, സംസ്കാര സാഹിതി പുരസ്കാരം അടക്കം നിരവധി ബഹുമതികൾ പാട്ടമ്മയെ തേടിയെത്തി.
1921 ൽ മലയാലപ്പുഴ മുണ്ടോത്തറയിൽ കേശവന്റെയും കുഞ്ഞിക്കാവമ്മയുടെയും മകളായാണ് ജനനം. ചെറുപ്പത്തിൽ തന്നെ അടൂർ കേശവപിള്ളയുടെ കീഴിൽ സംഗീതവും തിരുവല്ല കെജി.കേശവപണിക്കരുടെ കീഴിൽ ഹാർമോണിയവും അഭ്യസിച്ചു. സംഗീത കച്ചേരികളിലുടെ ശ്രദ്ധേയായി. എം.പി. മൻമഥന്റെ സംഘത്തിൽ ഹാർമോണിയം വായിക്കാൻ ചേർന്നു. തുടർന്നാണ് കെ കെ വാദ്യാരുടെ സംഘത്തിലെത്തുന്നത്.
ചൊവ്വാഴ്ച്ച പകൽ 2 ന് സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ മകൻ ഹരികുമാർ ചിതയ്ക്ക് തീ കൊളുത്തി. മലയാലപ്പുഴ സൗദാമിനിയ്ക്ക് സർക്കാർ ഔദ്യോഗിക ബഹുമതി നൽകി ആദരിക്കണമെന്ന് അഡ്വ.കെ യു ജനീഷ് കുമാർ എം.എൽ. എ. മുഖ്യമന്ത്രിയ്ക്കു കത്ത് നൽകിയതിനെ തുടർന്ന് സർക്കാർ ഔദ്യോഗിക ബഹുമതി നൽകാൻ ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും വേണ്ടി കളക്ടർ ഡോ.ദിവ്യ എസ് അയ്യർ പുഷ്പചക്രം സമർപ്പിച്ചു. രാഷ്ട്രീയ,കല – സാംസ്ക്കാരിക രംഗത്തെ ആയിരങ്ങൾ അന്തിമോപചാരം അർപ്പിക്കാനെത്തി.