കൊച്ചി : കൃഷി, പാര്‍പ്പിടം തുടങ്ങിയ ആവശ്യങ്ങള്‍ക്കു പതിച്ചു നല്‍കിയ പട്ടയ ഭൂമി ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ചട്ട വ്യവസ്ഥകള്‍ ലംഘിച്ചെന്നു ബോധ്യപ്പെട്ടാല്‍ ഭൂമി പതിച്ചു നല്‍കിയതും പട്ടയം അനുവദിച്ചതും റദ്ദാക്കാന്‍ റവന്യു അധികാരികള്‍ക്ക് 1964 ലെ കേരള ഭൂ പതിവു ചട്ടപ്രകാരം കഴിയുമെന്നു കോടതി വ്യക്തമാക്കി.
നിയമ പ്രശ്നത്തിനു വ്യക്തത തേടി റഫര്‍ ചെയ്ത ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ചാണു ചീഫ് ജസ്റ്റിസ് എസ്.മണി കുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പട്ടയ വ്യവസ്ഥ ലംഘിച്ചതിനു ക്വാറികള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും എതിരെ റവന്യു അധികൃതര്‍ നടപടിയെടുത്തതിനെ ചോദ്യം ചെയ്ത് ഉടമകള്‍ കോടതിയിലെത്തി. ചില കേസുകളില്‍ കോടതിയുടെ ഇടപെടല്‍ ചോദ്യം ചെയ്തു സര്‍ക്കാരും അപ്പീല്‍ നല്‍കി. റവന്യു അധികൃതരുടെ നടപടിയില്‍ അപാകതയില്ലെന്നു പറഞ്ഞ ഡിവിഷന്‍ ബെഞ്ച് ഭൂ ഉടമകളുടെ ഹര്‍ജികള്‍ തള്ളി, സര്‍ക്കാരിന്റെ അപ്പീല്‍ അനുവദിച്ചു.
റിസോര്‍ട്ടിന്റെ ഭൂമി തിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നടപടി സിംഗിള്‍ ബെഞ്ച് ശരിവച്ചതിനെതിരെ മൂന്നാര്‍ ചിന്നക്കനാലിലെ മഹീന്ദ്ര ഹോളിഡേയ്സ് നല്‍കിയ അപ്പീലും തള്ളി. ചട്ടം ലംഘിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തടയാനോ സ്റ്റോപ്പ് മെമ്മോ നല്‍കാനോ കലക്ടര്‍ /തഹസില്‍ദാര്‍ക്ക് അധികാരമില്ലെന്നുള്ള ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി. ഭൂമി പതിച്ചു നല്‍കാനുള്ള അധികാരത്തിനൊപ്പം ചട്ടലംഘനം കണ്ടാല്‍ അതു റദ്ദാക്കി തിരിച്ചെടുക്കാനുള്ള അധികാരവും ഉണ്ടെന്നു കോടതി പറഞ്ഞു. പരിസ്ഥിതി, വനം, വന്യജീവി സംരക്ഷണം ഉറപ്പാക്കാന്‍ ഭരണഘടനയുടെ പാര്‍ട്ട് -4 പ്രകാരം സര്‍ക്കാരിനു കടമയുണ്ടെന്നും കോടതി വ്യക്തമാക്കി.
സ്റ്റോപ് മെമ്മോ നല്‍കുന്നതിനു മുന്‍പു നോട്ടിസ് നല്‍കിയില്ലെന്നു ക്വാറി ഉടമകളും മറ്റും വാദിച്ചെങ്കിലും ഇത്തരത്തില്‍ നോട്ടിസ് നല്‍കണമെന്നു കേരള ഭൂ പതിവു ചട്ടത്തില്‍ പറയുന്നില്ലെന്നു സര്‍ക്കാരിനു വേണ്ടി അഡ്വക്കറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണ കുറുപ്പ് വാദിച്ചു. പട്ടയ വ്യവസ്ഥകളും ഭൂ പതിവു ചട്ടങ്ങളും ലംഘിച്ചതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെത്തുടര്‍ന്നാണു ക്വാറികള്‍ക്കു സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്നു പറഞ്ഞ് കോടതി ഹര്‍ജികള്‍ തള്ളി. പട്ടയ ഭൂമിയിലെ ക്വാറി പ്രവര്‍ത്തനങ്ങള്‍ തടയാന്‍ തഹസില്‍ദാരോ കളക്ടറോ സ്വീകരിച്ച നടപടികള്‍ നിയമപരമാണ്.
നടപടി നേരിടുന്ന ക്വാറിയുടമകള്‍ ഒരുമാസത്തിനകം തങ്ങളുടെ വിശദീകരണം അധികൃതരെ അറിയിക്കണം. ഭൂമി തിരിച്ചെടുത്ത ശേഷം, ബന്ധപ്പെട്ട ചട്ട വ്യവസ്ഥകളില്‍ സര്‍ക്കാര്‍ ഏതെങ്കിലും തരത്തില്‍ ഇളവു വരുത്തിയാല്‍ വീണ്ടും അപേക്ഷിക്കാന്‍ ക്വാറിയുടമകള്‍ക്കു തടസ്സമില്ല. അത്തരം അപേക്ഷകള്‍ അധികൃതര്‍ നിയമപ്രകാരം പരിഗണിക്കണമെന്നും നിര്‍ദേശിച്ചു. സിംഗിള്‍ ബെഞ്ചിന്റെ പ്രതികൂല ഉത്തരവിനെതിരെയാണു മഹീന്ദ്ര ഹോളിഡേയ്സ് അപ്പീല്‍ നല്‍കിയത്. റിസോര്‍ട്ട് സ്ഥാപിച്ചതു ചട്ടലംഘനമാണെന്നു കണ്ടാണു ദേവികുളം സബ് കളക്ടര്‍ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചു പിടിക്കാന്‍ നടപടി തുടങ്ങിയത്. നടപടിയില്‍ തെറ്റില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.