പത്തനംതിട്ട : റവന്യു വകുപ്പിന് കീഴില്‍ പരിഹാരം കാണാന്‍ സാധിക്കുന്ന പത്തനംതിട്ട ജില്ലയിലെ പട്ടയ വിഷയങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ തഹസില്‍ദാര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. ജില്ലയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. വില്ലേജ് ഓഫീസുകളില്‍ നിന്നും പട്ടയങ്ങളുടെ വിശദാംശങ്ങള്‍ തഹസില്‍ദാര്‍ എത്രയും വേഗത്തില്‍ ശേഖരിക്കണം.
സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയിലെ റാന്നി, കോന്നി, അടൂര്‍, കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ നിന്നായി എഴുപതോളം പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കും. റാന്നിയില്‍ 25, കോന്നിയില്‍ ആറ്, അടൂരില്‍ ഒന്‍പത്, കോഴഞ്ചേരിയില്‍ 12, തിരുവല്ലയില്‍ എട്ട്, മല്ലപ്പള്ളിയില്‍ ഒന്‍പത് എന്നിങ്ങനെ പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയുക. അര്‍ഹതപ്പെട്ടവര്‍ക്ക് എത്രയും വേഗം പട്ടയം നല്‍കാന്‍ കഴിയണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ പി.ആര്‍ ഷൈന്‍, തഹസില്‍ദാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.