കൊച്ചി : കൊലകൊമ്പന്റെ കാല്‍ചുവട്ടില്‍ നിന്ന് പൗലോസിന് ഇത് രണ്ടാം ജന്മം. ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടുകൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് താലുക്കാശുപത്രിയില്‍ ചികില്‍സയിലാണ് റാന്നി വെച്ചൂച്ചിറ വിമുക്തഭട കോളനി ബ്ലോക്ക് നമ്പർ 59ലെ പൗലോച്ചനെന്ന കെ.പി.പൗലോസ് (59). വേദനയില്‍ ഞരങ്ങുമ്പോഴും ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസം ആ മുഖത്ത് കാണാം. എല്ലാം കഴിഞ്ഞു എന്ന് കരുതിയതാണ് പക്ഷേ കൊമ്പന് അല്പം തെറ്റി അല്ല ദൈവത്തിന്റെ കൈകള്‍ അവിടെ എന്റെ സഹായത്തിനെത്തി പൗലോസിന്റെ അനുഭവം ഇങ്ങനെ. വെച്ചൂച്ചിറ പഞ്ചായത്തിലെ കട്ടിക്കൽ ഉള്ള സ്വന്തം റബർ തോട്ടത്തിൽ വച്ചാണ് പൗലോസിനെ കാട്ടാന അക്രമിക്കുന്നത്.
ടാപ്പിങ്ങുകാരൻ എത്താഞ്ഞതിനാൽ സ്വന്തമായി ടാപ്പിംഗ് ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഇന്നലെ പുലർച്ചെ 5.30ന് ആണ് തോട്ടത്തിൽ എത്തിയത്. ഏഴരയോടെ പണി തീർന്നു. ഗോവണിയിൽ നിന്ന് താഴെ ഇറങ്ങിയപ്പോഴാണ് 15 മീറ്റർ അകലെ നിന്നു നടന്നു വരുന്ന കാട്ടാനയെ കാണുന്നത്. കാട്ടാനയാണെന്ന് അപ്പോഴും കരുതിയില്ല. പൗലോസിനെ കണ്ട് ആന അലറിയപ്പോഴാണ് അപകടം മണത്തത്. ശേഷിക്കുന്ന സംഭവം പൗലോസിന്റെ വാക്കുകളിൽ. ‘ഓടാൻ ശ്രമിച്ചപ്പോൾ കല്ലിൽ തട്ടി വീണു.
അടുത്തേക്കു വന്ന ആന മുന്നിലെ വലതുകാൽ പൊക്കി ആഞ്ഞു ചവിട്ടി. സമീപത്തെ കല്ലിലും നഖം തന്റെ പുറത്തുമായിട്ടാണ് കാൽ പതിഞ്ഞത്. പിന്നാലെ തുമ്പിക്കൈകൊണ്ട് തൂക്കി തള്ളി. ആന നടന്നു നീങ്ങിയിട്ടും ശബ്ദം എടുക്കാൻ കഴിഞ്ഞില്ല. പിന്നീട് അലറി വിളിച്ചപ്പോൾ മകൻ എത്തി ആശുപത്രിയിൽ എത്തിച്ചത്.’ പൗലോസിന്റെ കണ്ണിന്റെ മുകളിൽ 4 തുന്നലുണ്ട്. കാലുകളിൽ മുറിവുണ്ട്. പുറത്തും കയ്യിലും ചതവുമുണ്ട്. ശരീരം അനക്കാൻ പറ്റാത്ത വേദനയാണ്. തന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ജനവാസകേന്ദ്രമായ കട്ടിക്കലിൽ ആന എത്തുന്നതെന്ന് പൗലോസ് പറയുന്നു.