തിരുവനന്തപുരം : സര്‍ക്കാര്‍ ഓഫീസുകളില്‍ താഴേത്തട്ടുവരെയുള്ള ഓഫീസുകളില്‍ പഞ്ചിങ് സംവിധാനത്തെ ഘട്ടംഘട്ടമായി ശമ്പളവിതരണ സോഫ്റ്റ്‌വേറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കും. അതോടൊപ്പം, സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിനു പിന്നാലെ ധന, നിയമ വകുപ്പുകളിലും ജീവനക്കാരുടെ ജോലിഭാരം പഠിക്കാന്‍ സമിതിയെ നിയോഗിച്ചു. ജോലി ശാസ്ത്രീയമായി ക്രമീകരിക്കുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമാണ് പഠനം. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പുതുതായി സ്ഥാപിക്കുന്ന പഞ്ചിങ് മെഷീനുകള്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാനാവണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അല്ലാത്തവ മാറ്റി സ്ഥാപിക്കും. എല്ലാ സ്ഥിരം ജീവനക്കാരെയും സംവിധാനത്തില്‍ ഉള്‍പ്പെടുത്തണം. മാസം 300 മിനിറ്റാണ് ജീവനക്കാര്‍ക്ക് ഇളവു നല്‍കിയിട്ടുള്ളത്. ഇതില്‍ കൂടിയാല്‍ അവധിയില്‍ ക്രമീകരിക്കും. അവധിയില്ലാത്തവരുടെ ശമ്പളത്തില്‍ കുറവു വരുത്തും. അതേസമയം സെക്രട്ടേറിയേറ്റില്‍ പഞ്ചിങ് സംവിധാനത്തിനൊപ്പം പ്രവേശന നിയന്ത്രണംകൂടി കൊണ്ടുവരുന്നത് ഭരണ, പ്രതിപക്ഷ ഭേദമെന്യേ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.