എടത്വ : പ്രധാന പാലത്തിന്റെ കൈവരികളിലൂടെ ചേർന്ന് കടന്ന് പോകുന്ന ടെലിഫോൺ കേബിളുകൾ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് കുഴലുകൾ മാറ്റി സ്ഥാപിക്കുവാൻ കേരള റോഡ് ഫണ്ട് ബോർഡ് (കെ ആർ എഫ് ബി) ബിഎസ്എൻഎൽ ഓഫിസിലേക്ക് നിർദ്ദേശം നല്കിയിട്ട് മാസങ്ങൾ കഴിയുന്നു. എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി.ഇടിക്കുളയ്ക്ക് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നല്കിയ വിവരവകാശരേഖയിലാണ് ഇത് വൃക്തമാക്കുന്നത്. ഇരുകരകളിലായി കോളജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവ ഉള്ളതിനാൽ പ്രതിദിനം നൂറ് കണക്കിന് ആളുകൾ കടന്നുപോകുമ്പോൾ നിലവിൽ തന്നെ ശക്തമായ ഗതാഗത കുരുക്കാണ് സംഭവിക്കുന്നത്.
എടത്വ പള്ളി പെരുന്നാളിന് ലക്ഷക്കണക്കിന് തീർത്ഥാടകരാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നത്. കോളജ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്തതിന് ശേഷം കാൽനടയായി ആണ് തീർത്ഥാടകർ പള്ളിയിലെത്തുന്നത്. കഷ്ടിച്ച് രണ്ട് വാഹനങ്ങൾക്ക് മാത്രം പോകാൻ വീതി ഉള്ള പാലത്തിൽ ഗതാഗത കുരുക്ക് ഉണ്ടാകുന്നത് നിത്യ സംഭവമാണ്. കേബിൾ പൈപ്പുകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് പെരുന്നാൾ അവലോകന യോഗത്തിൽ വെച്ച് ജനപ്രതിനിധികൾ കളക്ടർക്ക് നിവേദനം നല്കിയിരുന്നു. പെരുന്നാളിന് കൊടി കയറാൻ ഇനി 6 ദിവസങ്ങൾ മാത്രമാണ് ബാക്കി ഉള്ളത്. അധികൃതരുടെ അലംഭാവത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയുടെ ഒന്നാം ഘട്ടത്തിൻ്റെ അടങ്കൽ തുക 70.75 കോടി രൂപയായിരുന്നു. ഒരു വർഷം കൊണ്ട് 2020 ജനുവരി 15ന് ഊരാളുങ്കൽ സൊസൈറ്റി നിർമ്മാണം പൂർത്തിയാക്കുകയും പരിപാലന കാലാവധി 2023 ജനുവരി 15ന് അവസാനിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തിൻ്റെ അടങ്കൽ തുക 46.40 കോടി രൂപയാണ്. ബഗോറ കൺസ്ട്രഷൻ പ്രൈവറ്റ് ലിമിറ്റഡ് ആണ് കരാർ ഏറ്റെടുത്തത്. നിർമ്മാണം 2022 ഡിസംബർ 1ന് അവസാനിച്ചു. പരിപാലന കാലാവധി 2025 ഡിസംബർ 1ന് അവസാനിക്കും. എടത്വ പാലത്തിന്റെ വശത്ത് നടപ്പാത നിർമ്മിക്കുന്ന പ്രവർത്തി മൂന്നാം ഘട്ടത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് വിവരവകാശ രേഖ വ്യക്തമാക്കുന്നു. കേബിളുകൾ അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്ന് എടത്വ വികസന സമിതി ഭാരവാഹികളായ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറാർ ഗോപകുമാർ തട്ടങ്ങാട്ട് എന്നിവർ ആവശ്യപെട്ടു.