പേടിഎം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വാര്‍ത്ത യൂസര്‍മാരില്‍ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആര്‍ബിഐയുടെ വിലക്കില്‍ പേടിഎം യൂസര്‍മാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സ്ഥാപകന്‍ വിജയ് ശേഖര്‍ അറിയിച്ചിരിക്കുകയാണ്. ഫെബ്രുവരി അവസാനത്തോടെ പേടിഎം ആപ്പ് സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് മറ്റ് ബാങ്കുകളുമായും പങ്കാളിത്തമുണ്ട് എന്നും അതുകൊണ്ട് സ്വന്തം പേടിഎം പേയ്‌മെന്റ്സ് ബാങ്കിന് വിലക്ക് ഉണ്ടായാലും മറ്റ് ബാങ്കുകളുമായുള്ള പങ്കാളിത്തത്തിലൂടെ സേവനങ്ങള്‍ തുടരാന്‍ കമ്പനിക്ക് കഴിയുമെന്നും വിജയ് ശേഖര്‍ അറിയിച്ചു.
പേടിഎം ലിങ്ക്ഡ് സേവനങ്ങളായ വാലറ്റുകള്‍, ഫാസ്ടാഗ്, എന്‍സിഎംസി കാര്‍ഡുകള്‍ എന്നിവ ഉപയോഗിക്കുന്ന ആളുകളെയാണ് നിലവിലെ നിരോധനം ബാധിക്കുക. നിലവില്‍ വാലറ്റുള്ളവര്‍ക്ക് അതില്‍ ബാലന്‍സ് ടോപ് അപ് ചെയ്യാനും ഇടപാടുകള്‍ നടത്താനും കഴിയുമെന്നും വിജയ് ശേഖര്‍ പറഞ്ഞു. അക്കൗണ്ടില്‍ പണമുള്ള പേടിഎം ഉപഭോക്താവാണെങ്കില്‍ യുപിഐ, എഎംപിഎസ്, ആര്‍ടിജിഎസ് തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിച്ച് പണം മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം. രാജ്യത്ത് കോടിക്കണക്കിന് യൂസര്‍മാരുള്ള ആപ്പാണ് പേടിഎം.