കൊച്ചി : പയ്യോളി മനോജ് വധക്കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിലായി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം ദുബായിലേക്ക് കടന്ന വിപിൻദാസ് , ഗരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കൊച്ചിയിലെ സിബിഐ കോടതിയിൽ ഹാജരാക്കി. ഇവർക്ക് എതിരെ നേരത്തെ
ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ രണ്ട് പേരടക്കം 27 പ്രതികൾക്കെതിരെ സിബിഐ നേരത്തെ കുറ്റപത്രം നൽകിയിരുന്നു.
2012 ഫെബ്രുവരി 12നാണ് ബിഎംഎസ് പ്രവർത്തകനായ ഓട്ടോഡ്രൈവർ മനോജിനെ പയ്യോളിയിലെ വീട്ടിൽ കയറി ഒരു സംഘം വെട്ടിക്കൊന്നത്. താൻ ഡമ്മി പ്രതിയാണെന്നും യഥാർത്ഥ പ്രതികളെ പാർട്ടി മാറ്റിയെന്നും പ്രധാന പ്രതി അജിത്ത് കസ്റ്റഡിയിലിരിക്കെ വിളിച്ച് പറഞ്ഞതോടെയാണ് കേസ് വലിയ ശ്രദ്ധ നേടുന്നത്. ഇതോടെയാണ് കേസിൽ പുനഃരന്വേഷണത്തിന് വഴിയൊരുങ്ങിയത്. 2016ലാണ് കേസ് സിബിഐ എറ്റെടുത്തത്.