കോഴഞ്ചേരി : ലോക്ഡൗണ്‍ മൂലം ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് കൈത്താങ്ങായി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പഴക്കൊട്ട പദ്ധതിയില്‍ കോഴഞ്ചേരി ഈസ്റ്റ് ബഥേല്‍ മാര്‍ത്തോമ്മ യുവജനസഖ്യവും പങ്കുചേര്‍ന്നു. വിളവെടുപ്പിന് പാകമായ പഴവര്‍ഗങ്ങള്‍ വിപണി കണ്ടെത്താന്‍ കര്‍ഷകര്‍ പാടുപെടുന്ന സമയത്ത് കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ നേതൃത്വത്തില്‍ കിറ്റ് രൂപത്തില്‍ 100 രുപയ്ക്ക് ഉപഭോക്താക്കളില്‍ എത്തിക്കുന്ന പദ്ധതിയാണ് പഴക്കൊട്ട.
പത്തനംതിട്ട ജില്ലയിലെ കര്‍ഷകരില്‍ നിന്നും ശേഖരിച്ച കൈതച്ചക്ക, വാഴപ്പഴം എന്നിവയും പാലക്കാട്ടെ കര്‍ഷകരില്‍ നിന്നും ശേഖരിച്ച മാങ്ങയുമാണ് കിറ്റ് രൂപത്തിലാക്കി വിതരണം ചെയ്തത്. ആദ്യ പഴക്കൊട്ട യുവജനസഖ്യം വൈസ് പ്രസിഡന്റ് കുര്യന്‍ മടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന് നല്‍കി. റവ. വിനോദ് പി ജോബ്, സിറില്‍ സി മാത്യൂ, ലിജു ജി തോമസ്, ജോണ്‍ വര്‍ഗീസ്, പ്രതീഷ് ചാക്കോ, ജോബി മാത്യൂ വര്‍ഗീസ്, ആല്‍വിന്‍ വര്‍ഗീസ് മാത്യൂ, റെനു തോമസ്, എബി മാത്യൂ രാജന്‍ എന്നിവര്‍ വിവിധ സമയങ്ങളില്‍ വിതരണത്തിന് നേതൃത്വം നല്‍കി.