പത്തനംതിട്ട: വീണ ജോർജിന്റെ കടുത്ത സമ്മർദ്ദത്തിലാണ് പോലീസ് പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതെന്നും ഇത് പോലീസിൽ നിന്ന് തന്നെ ലഭിച്ച വിവരമാണെന്നും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു. സിപിഎം വീണയ്ക്ക് സംരക്ഷണം ഒരുക്കും എന്ന് പറഞ്ഞാൽ പത്തനംതിട്ടയിലെ കോൺഗ്രസുകാർ കടുകിനുള്ളിൽ കയറി ഒളിക്കണോയെന്നും അദ്ദേഹം ചോദിച്ചു. വീണാ ജോർജ്ജിനെ ഭയന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വീണ ജോർജിനെ കൊലക്കേസിൽ പ്രതിയാക്കണം. ജില്ലാ സെക്രട്ടറിക്കും മറ്റു സിപിഎം നേതാക്കൾക്കും വീണാ ജോർജിനെ കളിയാക്കാം, യൂത്ത് കോൺഗ്രസ് സമരം ചെയ്താൽ അറസ്റ്റ് ചെയ്യുന്നുവെന്നും പഴകുളം മധു.
കയ്യാമം വെച്ച് നേതാക്കളെ അറസ്റ്റ് ചെയ്യിക്കുന്നത് വീണാ ജോർജിന്റെ ക്രൂര വിനോദമാണ്. വീണാ ജോർജിന് സംഘടനാ പ്രവർത്തന പാരമ്പര്യം ഇല്ല. എംഎൽഎയും മന്ത്രിയുമായത് പ്രത്യേക ക്വാട്ടയിലാണ്. സിപിഎമ്മും ഡിവൈഎഫ്ഐയും കാവൽ നിന്നാലും പത്തനംതിട്ടയിൽ വീണ ജോർജിനെ ഇന്നു മുതൽ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പറഞ്ഞു. ഏതെങ്കിലും കോൺഗ്രസ് പ്രവർത്തകനെ തൊട്ടാൽ വിവരമറിയും. പൊലീസ് വിട്ടയച്ചിട്ടും പ്രവർത്തകരെ വീണ്ടും കേസിൽ കുടുക്കിയത് വീണ ജോർജ് ഇടപെട്ടിട്ടാണ്. വീണ ജോർജിനെതിരെ കൊലക്കേസ് ആണ് എടുക്കേണ്ടതെന്നും പഴകുളം മധു വ്യക്തമാക്കി.