പത്തനംതിട്ട : സ്വതന്ത്ര്യ ഇന്ത്യയുടെ അതിര്‍ത്തികള്‍ അയല്‍ രാജ്യമായ ചൈന കൈയ്യടക്കിയിട്ടും നിസംഗതയോടെ നോക്കി നില്‍ക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യ താല്‍പര്യം ബലികഴിക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു പറഞ്ഞു. സ്വാതന്ത്ര്യത്തിന്‍റെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് എ.ഐ.സി.സി ആഹ്വാനപ്രകാരം ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ നയിക്കുന്ന ആസാദി കാ ഗൗരവ് പദയാത്രയുടെ നാലാം ദിവസത്തെ പര്യടന പരിപാടി ഇരവിപേരൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും രൂപപ്പെടുത്തിയ ചേരിചേരാ യ്മയിലൂന്നിയ ഇന്ത്യയുടെ വിദേശ നയത്തില്‍ വെളളം ചേര്‍ക്കുവാനും ശാക്തിക ചേരികളുടെ ഭാഗമാകുവാനുമാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ ചുറ്റുമുള്ള രാജ്യങ്ങളിലേക്ക് ചൈന നീരാളിയെപ്പോലെ കടന്നുകയറിയിരിക്കുകയാണ്. ഇത് കേന്ദ്ര സര്‍ക്കാരിന്‍റെ പിടിപ്പുകേടുകൊണ്ടാണെന്ന് പഴകുളം മധു പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കെ.എന്‍ രാധാചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായര്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ പി. മോഹന്‍രാജ്, ബാബു ജോര്‍ജ്ജ്, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട് സുനില്‍ എസ്. ലാല്‍, കാട്ടൂര്‍ അബ്ദുള്‍ സലാം, സുനില്‍ കുമാര്‍ പുല്ലാട്, സതീഷ് ചാത്തങ്കേരി, കോശി. പി. സക്കറിയ, ലാലു ജോണ്‍, ജെറി മാത്യു സാം, ജാസിം കുട്ടി, ജി. രഘുനാഥ്, ജി. സതീഷ് ബാബു, വി.ആര്‍ സോജി, അഹമ്മദ് ഷാ എന്നിവര്‍ പ്രസംഗിച്ചു.