റാന്നി: ഗാന്ധിജയന്തി ദിനത്തില്‍ മാത്രം മാലിന്യങ്ങള്‍ കാണുന്ന പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനില്‍ കുമാര്‍. ഇത് ഇവരുടെ മാത്രം കാര്യമല്ല, ഇതുപോലെ പലരുമുണ്ട്. നാട് നാറി, പുഴുത്ത് കിടന്നാല്‍ പോലും ഇവരൊന്നും തിരിഞ്ഞു നോക്കില്ല, തിരക്കാണ്. എന്നാല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ടിന് പത്തുപേര്‍ കൂടുന്ന സ്ഥലങ്ങളിലൊക്കെ മാവേലിയെപ്പോലെ ഇവരെത്തി ശുചീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ചിലപ്പോള്‍ കയ്യുറ ഇട്ട് കാടും പടലും വാരുകയും ചെയ്യും. ഇതൊക്കെ കൃത്യമായി ഒപ്പിയെടുത്ത് പത്രങ്ങള്‍ക്ക് നല്‍കും, കൂടാതെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കും. ഗാന്ധിജയന്തി കഴിഞ്ഞാല്‍ പിന്നെ ഇവരെ നോക്കേണ്ട. ഈ ശുഷ്കാന്തി ആഴ്ചയില്‍ ഒരിക്കലെങ്കിലും കാട്ടിയിരുന്നെങ്കില്‍ റാന്നി പഴവങ്ങാടി പഞ്ചായത്തിലെ ദുര്‍ഗന്ധം ഒരു പരിധിവരെ മാറ്റുവാന്‍ കഴിയുമായിരുന്നു.
എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് വരുത്തി തീര്‍ക്കുവാന്‍ പാടുപെടുന്ന പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ത്ത ഇങ്ങനെ :- ഗ്രാമപഞ്ചായത്തിൽ ഒക്ടോബർ 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പഞ്ചായത്ത് പരിസരപ്രദേശങ്ങൾ, കോളേജ് റോഡ്, ഓട്ടോ സ്റ്റാൻഡ് എന്നിവിടങ്ങൾ വൃത്തിയാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, സ്ഥിരം സമിതി അധ്യക്ഷൻ ചാക്കോ വയനാട്ട്, പഞ്ചായത്ത് ജീവനക്കാരായ പ്രജിത്ത്, അജയൻ, മണി, ബൈജു, എഫ് ടി എസുമാരായ ശ്രീലത, രമ, കൃഷ്ണ, ഷീന, മുഹമ്മദ് റാവുത്തർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.