റാന്നി : ഇടമുറി പാലം – ബംഗ്ലാവുപടി റോഡിന്റെ തകര്‍ച്ച മൂലം യാത്രാ ദുരിതവുമായി പ്രദേശവാസികള്‍ വലയുന്നു. ചേത്തയ്ക്കൽ – ഇടമുറി – പുള്ളിക്കല്ല് – മടന്തമൺ റോഡിന്റെ ബംഗ്ലാവുപടി ഭാഗമാണ് തകര്‍ച്ച നേരിടുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് ഈ റോഡ്.
പഴവങ്ങാടി , നാറാണംമൂഴി എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത് . ചേത്തയ്ക്കൽ – മടന്തമൺ റോഡിൽ ബംഗ്ലാവുപടി – ഇടമുറി പാലം വരെയാണ് പൂര്‍ണ്ണ തകര്‍ച്ച. ഇവിടെ ടാറിങ് പൂർണമായി പൊളിഞ്ഞു കിടക്കുകയാണ്. പലയിടത്തും മെറ്റലുകൾ മാത്രമേ കാണാനുള്ളൂ. ഇരുചക്ര വാഹനങ്ങൾ മെറ്റലിൽ തെന്നി അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇടമുറിയിലെ ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന റേഷന്‍ കട ഈ ഭാഗത്താണ്. ഇവിടെ എത്തി സാധനങ്ങള്‍ വാങ്ങണമെങ്കില്‍ നടക്കുക തന്നെ ശരണം. ഓട്ടോറിക്ഷകള്‍ ഇവിടുത്തെ സഞ്ചാരികളെ വേണ്ടെന്നു വെച്ചിരിക്കുകയാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി റോഡുകൾ പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് ഇടമുറി സ്വദേശി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു.
ചേത്തയ്ക്കൽ – മടന്തമൺ – റോഡ് നവീകരണത്തിന് 65 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നാണ് ജില്ലാ കളക്ടര്‍ കമ്മീഷനെ അന്ന് അറിയിച്ചത്. ഇപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്ന പഴവങ്ങാടി പഞ്ചായത്തിന്റെ ഭാഗം ഉടന്‍ പുനരുദ്ധാരണം നടത്തുമെന്ന് കഴിഞ്ഞ ഭരണസമതിയുടെ പ്രസിഡന്റ് പറഞ്ഞിരുന്നു. എന്നാല്‍ റോഡില്‍ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നതാണ് യഥാര്‍ഥ വസ്തുത. പുതിയ ഭരണസമിതിയും പ്രസിഡന്റും അധികാരമേറ്റിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇതുവരെ ഈ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. റോഡിന്റെ തകര്‍ച്ച അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ ഇതുവഴിയുള്ള ഏക ബസ് സര്‍വ്വീസും നിര്‍ത്തും. ഇതോടെ ഒരു നാടിന്റെ ദുരിതം പൂര്‍ണ്ണമാകും.
ചേത്തയ്ക്കല്‍-കൂത്താട്ടുകുളം എം.എല്‍.എ റോഡിനേയും മുക്കട-ഇടമണ്‍-അത്തിക്കയം എം.എല്‍.എ റോഡിനേയും ബന്ധിപ്പിക്കുന്ന എളുപ്പ വഴികൂടിയാണിത്. ഇതേ റോഡിന്റെ പാലം ജംങ്ഷന്‍ മുതല്‍ സ്കൂള്‍ ജംങ്ഷന്‍ വരെയുള്ള നാറാണംമൂഴി പഞ്ചായത്തിന്റെ ഭാഗം ജില്ലാ പഞ്ചായത്തിന്റെ ചുമതലയില്‍ ടാറിംങ് പൂര്‍ത്തീകരിച്ചിരുന്നു. ഇപ്പോള്‍ ഇവിടുത്തെ ചില ഭാഗങ്ങളും തകര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഈ റോഡിലെ പുള്ളിക്കല്ലു മുതല്‍ മടന്തമണ്‍ വരെയുള്ള ഭാഗവും സഞ്ചാരയോഗ്യമാണ്. പഴവങ്ങാടി പഞ്ചായത്തിന്റെ ഭാഗമാണ് തകര്‍ച്ച നേരിടുന്നത്.
തെരഞ്ഞെടുപ്പ് ആകുമ്പോള്‍ വാഗ്ദാനപ്പെരുമഴയുമായി സ്ഥാനാര്‍ഥികളും നേതാക്കളുമെത്തും. പിന്നീട് അവരുടെ പൊടിപോലും ഇവിടെ കാണില്ല എന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടായ അനുഭവം നാട്ടുകാര്‍ പങ്കുവെച്ചു. ദുരിതത്തിലായിരിക്കുന്ന നാട്ടുകാരുടെ ക്ഷേമം അന്വേഷിക്കുന്നതിലും താല്‍പ്പര്യം ചിലര്‍ക്ക് പഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ക്രഷറുകളുടെയും പാറമാടകളുടെയും പ്രവര്‍ത്തനം തടസ്സമില്ലാതെ നടക്കുന്നതിലാണെന്നാണ് ആക്ഷേപം.