റാന്നി: കാവുങ്കല്‍ പടിയില്‍ വലിയതോട്ടില്‍ ഇപ്പോള്‍ നിറഞ്ഞിരിക്കുന്നത് വെള്ളമല്ല, മാലിന്യകൂമ്പാരമാണ്. ഇതുവഴി ഇപ്പോള്‍ മൂക്കുപൊത്താതെ നടക്കാന്‍ പറ്റില്ല. ബാങ്കുകള്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇവിടം കൊതുകുകളുടെ കേന്ദ്രമാണ്. കച്ചവടക്കാര്‍ ഇട്ട മാലിന്യങ്ങള്‍ കൂടാതെ വേനല്‍മഴയില്‍ ഒഴുകിയെത്തിയതും കാവുങ്കല്‍ പടി പാലത്തിനു സമീപം കെട്ടികിടക്കുകയാണ്. ഇട്ടിയപ്പാറ ടൗണിലേയും പരിസര പ്രദേശങ്ങളിലേയും മുഴുവന്‍ മാലിന്യവും ഇതിന്റെ കൂടെയുണ്ട്.
പ്ലാസ്റ്റിക് കവറുകള്‍, കോഴിക്കടകളിലേയും മീന്‍കടകളിലേയും മാലിന്യങ്ങള്‍, ചീഞ്ഞഴുകിയ പച്ചക്കറികളും പഴങ്ങളും തുടങ്ങി ഒട്ടേറെ മാലിന്യം തോട്ടില്‍ നിറഞ്ഞിട്ടുണ്ട്. ഇട്ടിയപ്പാറ ടൗണിലേയും ചന്തയിലെയും മാലിന്യങ്ങള്‍ ബസ് സ്റ്റാന്‍ഡിനുപിന്നിലെ വാഹന പാര്‍ക്കിംഗ് സ്ഥലത്താണ് ദിവസവും തള്ളുന്നത്. ഇവിടെ നിന്നും വേനല്‍മഴയില്‍ കുറെ മാലിന്യങ്ങള്‍ ഒലിച്ച് ഈ തോട്ടിലെത്തും. സ്റ്റാന്‍ഡിന് പിന്നിലെ
ഈ തോട് വലിയ തോട്ടിലേക്കാണ് ഒഴുകിയെത്തുന്നത്. വെള്ളത്തിനൊപ്പം ഒഴുകിയെത്തുന്ന മാലിന്യം പമ്പാനദിയില്‍ പാലത്തിനു തൊട്ടു താഴെ ഉപാസനക്കടവിലാണ് എത്തിച്ചേരുന്നത്. ഇതിന് താഴെയാണ് അങ്ങാടി ജലപദ്ധതിയുടെ കിണറും പമ്പുഹൗസും സ്ഥിതി ചെയ്യുന്നത്.
വേനലില്‍ ആവശ്യത്തിന് വെള്ളമില്ലാതെ വരുമ്പോള്‍ പദ്ധതിക്കുമുകളിലായി മണല്‍ ചാക്ക് അടുക്കി ചാലുകീറിയാണ് കിണറിലേയ്ക്ക് വെള്ളം എത്തിച്ചിരുന്നത്. വേനല്‍ മഴ ഇത്തവണ ശക്തമായിരുന്നതിനാല്‍ പമ്പാനദി നിറഞ്ഞാണ് ഒഴുകുന്നത്. ഇവിടേയ്ക്കാണ് ഈ മാലിന്യം അടങ്ങിയ വെള്ളവും എത്തുന്നത്. ഇത് ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടുതലാണ്. ഇത്രയും ഗുരുതര പ്രശ്നങ്ങള്‍ ഉള്ളതുമൂലമാണ് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ വലിയതോട്ടിലെ മാലിന്യം നീക്കം ചെയ്യുവാന്‍ തീരുമാനിച്ചത്. ആഘോഷമായി പദ്ധതി നടപ്പിലാക്കിയെങ്കിലും കരയില്‍ വാരിയിട്ട മാലിന്യം നീക്കം ചെയ്യാത്തതുമൂലം മുഴുവനും ഒലിച്ച് വീണ്ടും തോട്ടില്‍ നിറയുകയായിരുന്നു. മഴ കൂടുതല്‍ ശക്തമാകുമ്പോള്‍ ഈ മാലിന്യം മുഴുവന്‍ ഒഴുകി പമ്പാനദിയിലെത്തും. ഇപ്പോള്‍ തന്നെ ക്ളോരിഫോം ബാക്ടീരിയയുടെ സാന്നിധ്യം പമ്പാനദിയില്‍ കൂടുതലാണ്, ഇതുകൂടി ആകുമ്പോള്‍ അത് സമ്പൂര്‍ണ്ണമാകും.
ഇത്രയധികം മാലിന്യം വലിയതോട്ടില്‍ അടിഞ്ഞുകൂടിയിട്ടും അത് നീക്കം ചെയ്യുന്നതിനോ തോട് വൃത്തിയാക്കുന്നതിനോ പഴവങ്ങാടി പഞ്ചായത്തിന് നേരമില്ല. മഴക്കാലമാകുന്നതോടുകൂടി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. എവിടെയും ആര്‍ക്കും മാലിന്യം വലിച്ചെറിയാവുന്ന സ്ഥിതിയാണ്. മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും കുറ്റമറ്റ രീതിയിലുള്ള ഒരു സംവിധാനം പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയിട്ടില്ല. ഇതിനൊന്നും ഭരണസമിതിക്കോ ഉദ്യോഗസ്ഥര്‍ക്കോ ഒരു താല്‍പ്പര്യവുമില്ല. എന്തുപരിപാടി നടന്നാലും ഒരു ഫോട്ടോ എടുത്ത് ഫെയ്സ് ബുക്കിലോ വാട്സ് ആപ്പിലോ ഇട്ട് കൂടുതല്‍ പോപ്പുലര്‍ ആകുവാനാണ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ താല്‍പ്പര്യമെന്നാണ് ആരോപണങ്ങള്‍. ഇത്തരക്കാര്‍ക്ക് മാലിന്യം എന്നുകേട്ടാല്‍ത്തന്നെ അറപ്പാണ്. അതുകൊണ്ടുതന്നെയാണ് പഴവങ്ങാടി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട റാന്നി ടൗണും പരിസരവും ഇപ്പോള്‍ ചീഞ്ഞു നാറുന്നത്.